മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒരു ഫലമാണ്. പ്രത്യേകിച്ച് ഈ വേനൽക്കാലത്ത് എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. ഫൈബറും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഒരു പഴമാണ് മാമ്പഴം. വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന മാമ്പഴത്തിൽ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്. കൂടാതെ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം. മാമ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കുമെന്നാണ് വിദ്ഗധർ പറയുന്നത്.
മാമ്പഴസീസൺ ആയതുകൊണ്ട് ഇവ ഇപ്പോൾ കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ മാമ്പഴം മുറിച്ചുവെച്ചാൽ പെട്ടെന്ന് കറുത്തുപോകുന്നു എന്നാണ് പലരുടെയും പരാതി. പഴങ്ങൾ പൊതുവേ മുറിച്ചയുടനെ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാലും ചിലപ്പോഴൊക്കെ മുറിച്ചത് പിന്നീട് കഴിക്കാനായി മാറ്റി വെയ്ക്കേണ്ടി വന്നേക്കാം. അങ്ങനെ മുറിച്ച മൂലം കറുത്തുപോയ മാമ്പഴം കഴിക്കാത്തവരുമുണ്ടാകാം. ഇത്തരത്തിൽ മുറിച്ച മാമ്പഴം കറുത്തുപോകാതിരിക്കാൻ പരീക്ഷിക്കാവുന്ന ഒരു വഴിയെ കുറിച്ചാണിനി പറയുന്നത്.
ഇതിനായി ആദ്യം ചെയ്യേണ്ടത് നല്ല മാമ്പഴം നോക്കി തെരഞ്ഞെടുക്കുക എന്നതാണ്. ഒരുപാട് പഴുത്ത മാമ്പഴം ആണ് പെട്ടെന്ന് കറുത്തുപോകുന്നത്. ഇടത്തരം പഴുത്ത മാമ്പഴം വാങ്ങുന്നതാണ് നല്ലത്. അനുയോജ്യമായ മാമ്പഴം തെരഞ്ഞെടുത്താൻ പിന്നീട് ശ്രദ്ധിക്കേണ്ടത് മുറിക്കുന്ന കാര്യത്തിലാണ്. മാമ്പഴം നന്നായി വെള്ളം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മാറ്റിയശേഷം, നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മാമ്പഴത്തെ ഇരുവശമായി മുറിക്കുക.
ഇനി മുറിച്ചുവച്ച മാമ്പഴത്തിൽ അൽപം അസിഡിക് ജ്യൂസ് ചേർക്കുന്നത് നിറമാറ്റം തടയാൻ സഹായിച്ചേക്കാം. ഇതിനായി നാരങ്ങ, ഓറഞ്ച്, പൈനാപ്പിൾ എന്നിവയുടെ നീര് ഒഴിച്ച് സൂക്ഷിച്ചാൽ കറുത്തുപോകുന്നത് തടയാം. എയർടൈറ്റായിട്ടുള്ള പാത്രത്തിൽ അടച്ചുവേണം ഇവ സൂക്ഷിക്കാൻ. ഇനി ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കാം. അധികം ദിവസം വയ്ക്കാതെ ഇവ കഴിക്കുന്നതാണ് ഉചിതം.