നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ശരീരത്തിന് വേണ്ട വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ ലഭിക്കും. അതിൽ തന്നെ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴവും ഉണക്കമുന്തിരിയും. ഇവയൊക്കെ ഒരു രാത്രി വെള്ളത്തലിട്ട് കുതിർത്ത് രാവിലെ വെറുവയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. കുതിർത്ത ഈന്തപ്പഴവും ഉണക്കമുന്തിരിയും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വിളർച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിനുകളായ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിൻറെ അംശം കൂടാനും വിളർച്ചയെ തടയാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃതദയാരോഗ്യത്തിനും ഇവ നല്ലതാണ്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും.
വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ ഇവയുടെ ഗുണങ്ങൾ കൂടും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. പ്രതിരോധശേഷി വർധിപ്പിക്കാനും കണ്ണിൻറെ ആരോഗ്യത്തിനും ഇവ നല്ലതാണ്. അതുപോലെ തന്നെ വിളർച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യത്തിനും കുതിർത്ത ഉണക്കമുന്തിരി കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.