KeralaNEWS

“ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് ?” കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യുയുസി വിവാദത്തിൽ രൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യുയുസി വിവാദത്തിൽ രൂക്ഷ വിമർശനവുമായി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും ചോദിച്ചു. യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. വിസി നിയമന വിവാദത്തിൽ അഞ്ച് തവണ യൂണിവേഴ്സിറ്റികളെ ഓർമിപ്പിച്ചുവെന്ന് പറഞ്ഞ ചാൻസലർ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നും ചാൻസലർ എന്ന നിലയിൽ ചെയ്യേണ്ടത് ചെയ്തുവെന്നും പറഞ്ഞു.

ക്രിസ്ത്യൻ കോളേജിലെ യുയുസി ആൾമാറാട്ട കേസിൽ ബന്ധപ്പെട്ട് കെഎസ്‌യു പരാതി നൽകി. മന്ത്രി വി. ശിവൻകുട്ടി, എംഎൽഎ ജി. സ്റ്റീഫൻ, കോളേജ് പ്രിൻസിപ്പൾ ജി.ഐ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർ ഗൂഢാലോചന നടത്തിയെന്നും സംഭവത്തിലെ അഴിമതിയും ആൾമാറാട്ടവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വിജിലൻസ് ഡയറക്ടർക്കാണ് പരാതി നൽകിയിരിക്കുന്നത്.

യുയുസിയായി മത്സരിച്ച് ജയിച്ച അനഘ രാജിവെച്ചത് കൊണ്ടാണ് വിശാഖിന്റെ പേര് നൽകിയതെന്നാണ് പ്രിൻസിപ്പലിന്റെ വാദം. അനഘയുടെ രാജിക്കത്തും പ്രിൻസിപ്പൽ ഹാജരാക്കി. വിശാഖ് തെരഞ്ഞെടുപ്പിൽ ജയിച്ചിരുന്നില്ലെന്നും ജയിച്ചത് അനഘയും ആരോമലുമാണെന്നും റിട്ടേണിങ് ഓഫീസർ കേരള സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകി. അനഘയ്ക്ക് പകരം വിശാഖിന്റെ പേര് ചേർത്തത്തിൽ വ്യക്തത വരുത്താൻ പ്രിൻസിപ്പലിന് ഇനിയും സാധിച്ചില്ല.

അതിനിടെ സംഭവത്തിൽ എ.വിശാഖിനെതിരെ സിപിഎം നടപടിയെടുത്തു. സിപിഎം പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗമായ വിശാഖിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്റെ പേര് മത്സരിച്ച് ജയിച്ച യുയുസി അനഘയുടെ പേര് മാറ്റി ഉൾപ്പെടുത്തിയതിലാണ് നടപടി. വിശാഖിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പാർട്ടി വിലയിരുത്തൽ. എസ്എഫ്ഐ കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗമായ വിശാഖിനെ ഇന്നലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും എസ്എഫ്ഐ മാറ്റിയിരുന്നു.

Back to top button
error: