ന്യൂഡൽഹി:വനിതായാത്രികർ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മുന്നോട്ടെടുത്ത ഡ്രൈവറുടെ ലൈസൻസ് കട്ട് ചെയ്തു.ഡൽഹിയിലാണ് സംഭവം.ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ഡ്രൈവറായ ഇയാളെ പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നടപടി.
ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്ന മൂന്ന് വനിതായാത്രികര്‍ ഒരു ബസ് വന്ന് നില്‍ക്കുന്നതോടെ ബസിനടുത്തേക്ക് ഓടുന്നതും ബസില്‍ നിന്ന് ഒരു യാത്രക്കാരൻ ഇറങ്ങുന്നതോടെ ബസ് മുന്നോട്ടുനീങ്ങുന്നതും വീഡിയോയില്‍ കാണാം.ബസിന് പിന്നാലെ മൂവരും ഓടുന്നതും എന്നാല്‍ പതിയെ ബസ് വേഗത കൂട്ടി മുന്നോട്ടു പോകുന്നതും വീഡിയോയിലുണ്ട്.
വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നതിനാല്‍ അവരെ കാണുന്നതോടെ ഡ്രൈവര്‍മാര്‍ ബസ് നിര്‍ത്താതെ പോകുന്നതായി നിരവധി പരാതികള്‍ ലഭിക്കുന്നതായും ഡ്രൈവർമാരുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നും അരവിന്ദ് കെജ്രിവാൾ പിന്നീട് ട്വീറ്റ് ചെയ്തു.
ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയില്‍ പെട്ടാല്‍ വീഡിയോ പകര്‍ത്തി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും കെജ്‌രിവാളിന്റ ട്വീറ്റിൽ പറയുന്നു.