CrimeNEWS

ഓണ്‍ലൈന്‍ പരിചയം വിവാഹത്തിലെത്തി; അഞ്ജുവിന്റെയും കുഞ്ഞിന്റെയും സംസ്‌കാരത്തെച്ചൊല്ലി തര്‍ക്കം, മൃതദേഹങ്ങള്‍ തല്‍ക്കാലം വിട്ടുകൊടുക്കാതെ പോലീസ്

തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ യുവതിയും കുഞ്ഞും ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. അന്വേഷിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് കൈമാറിയത്.

ചൊവ്വാഴ്ചയാണ് പുത്തന്‍തോപ്പ് ‘റോജാ ഡെയ്ലി’ല്‍ രാജു ജോസഫ് ടിന്‍സിലിന്റെ ഭാര്യ അഞ്ജു(23)വിനെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒന്‍പതുമാസം പ്രായമുള്ള മകന്‍ ഡേവിഡിനെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്ച രാവിലെ കുഞ്ഞും മരിച്ചു.

വീട്ടിലെ കുളിമുറിയില്‍ വൈകിട്ട് ആറുമണിയോടെയാണ് അഞ്ജുവിനെയും കുഞ്ഞിനെയും പൊള്ളലേറ്റനിലയില്‍ കണ്ടതെന്നാണ് ഭര്‍ത്താവ് രാജുജോസഫിന്റെ മൊഴി. ആറുമണിയോടെ ‘താനും മകനും ഈ ലോകത്തില്‍നിന്ന് പോകുന്നു’ എന്ന് അഞ്ജു മൊബൈലില്‍ സന്ദേശം അയച്ചിരുന്നു.

അതേസമയം, ഭര്‍ത്താവ് പലപ്പോഴും ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ നേരത്തെ പറഞ്ഞിരുന്നതായാണ് പിതാവ് പ്രമോദിന്റെ വെളിപ്പെടുത്തല്‍. രാജുജോസഫിന് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും മകള്‍ പറഞ്ഞിരുന്നു. എന്നാല്‍, വിവാഹശേഷം രാജുജോസഫ് തങ്ങളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നും അഞ്ജുവിന്റെ പിതാവ് ആരോപിച്ചു.

ഒന്നരവര്‍ഷം മുന്‍പാണ് ഇതരമതത്തില്‍പ്പെട്ട അഞ്ജുവിനെ രാജുജോസഫ് വിവാഹം കഴിച്ചത്. ഓണ്‍ലൈന്‍ വ്യാപാര ഇടപാടുകള്‍ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടതും പിന്നീട് വിവാഹം കഴിച്ചതും. വിവാഹത്തിന് ശേഷം അഞ്ജു ഭര്‍ത്താവിന്റെ മതം സ്വീകരിച്ചു.

അതിനിടെ, മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ക്കായി ഇരുവീട്ടുകാരും അവകാശമുന്നയിച്ചത് രൂക്ഷമായ തര്‍ക്കത്തിനിടയാക്കി. ഹൈന്ദവാചാരപ്രകാരം സംസ്‌കാരം നടത്തണമെന്നായിരുന്നു അഞ്ജുവിന്റെ ബന്ധുക്കളുടെ ആവശ്യം.

എന്നാല്‍, വിവാഹത്തോടെ മതംമാറിയതിനാല്‍ ക്രിസ്ത്യന്‍ ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവിന്റെ കുടുംബവും രംഗത്തെത്തി. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് മൃതദേഹം തത്കാലം ആര്‍ക്കും വിട്ടുകൊടുക്കേണ്ടതില്ലെന്നും മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും പോലീസ് തീരുമാനിച്ചത്. തര്‍ക്കം ഒത്തുതീര്‍പ്പാക്കിയശേഷം മൃതദേഹങ്ങള്‍ വീട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: