കൊച്ചി: ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് സംഭവം. രോഗിക്കൊപ്പം എത്തിയ ആള്‍ ഡോക്ടര്‍മാര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആലപ്പുഴ സ്വദേശി അനില്‍ കുമാറാണ് അക്രമം നടത്തിയത്. തുടര്‍ന്ന് പോലീസും ജീവനക്കാരും ചേര്‍ന്ന് പ്രതിയെ കീഴടക്കി.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മദ്യപിക്കുന്നതിനിടെ അടിപിടിയില്‍ പരിക്ക് പറ്റിയ രണ്ട് പേരുമായാണ് പ്രതി ആശുപത്രിയിലെത്തിയത്. ഇയാളും മദ്യലഹരിയിലായിരുന്നുവെന്നാണ് അവിടെയുണ്ടായിരുന്നവര്‍ പറയുന്നത്.
പരിക്കേറ്റയാളുടെ മുറിവില്‍ തുന്നല്‍ ഇടണം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് പ്രതി ബഹളം വെയ്ക്കാന്‍ തുടങ്ങിയത്. തുന്നല്‍ ഇടേണ്ടെന്നും പഞ്ഞിയില്‍ മരുന്ന് വെച്ചാല്‍ മതിയെന്നുമാണ് ഇയാള്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍, അതിന് സാധിക്കില്ലെന്ന് പറഞ്ഞതോടെ ഡോക്ടര്‍ക്കെതിരെ ഇയാള്‍ അസഭ്യവര്‍ഷം നടത്തി. ആക്രമണം നടത്താനും ആരംഭിച്ചു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് എയ്ഡഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടിച്ചുമാറ്റാനായില്ല. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.