KeralaNEWS

അരിക്കൊമ്പന് ‘ഫാന്‍സ് അസോസിയേഷന്‍’! അണക്കര ടൗണില്‍ ഫ്ളക്സ് സ്ഥാപിച്ചു

ഇടുക്കി: നാടുവിറപ്പിച്ച കാട്ടുകൊമ്പനും ഫാന്‍സ് അസോസിയേഷന്‍. ചിന്നക്കനാല്‍ വനത്തില്‍ നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരിലാണ് അണക്കരയില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്. അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്ളക്സ് ബോര്‍ഡും ടൗണില്‍ സ്ഥാപിച്ചു.

കാട് മൃഗങ്ങള്‍ക്കുള്ളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കുമളി അണക്കര ‘ബി സ്റ്റാന്‍ഡി’ലെ ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികള്‍ അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷന് പിന്നിലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.

കാടുമാറ്റത്തിന്റെ പേരില്‍ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏല്‍ക്കേണ്ടിവന്നതില്‍ മൃഗസ്നേഹികള്‍ക്ക് വിഷമവും പ്രതിഷേധവുമുണ്ട്. അരിക്കൊമ്പന്‍ തിരികെ ചിന്നക്കനാലില്‍ എത്തുമെന്ന് ഇവര്‍ പറയുന്നു. അപ്പോള്‍ ജനവാസ മേഖലയില്‍ ആന കടന്നുകയറാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കാനും നീക്കമുണ്ടായിരുന്നു. സാജിദ് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ ആണ് നിര്‍മാണം. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചര്‍ച്ചകള്‍ സജീവമാണ്. അരിക്കൊമ്പന്റെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോള്‍ മലയാള സിനിമയില്‍ പുതിയ ഒരദ്ധ്യായം രചിക്കപ്പെടും എന്നാണ് വിലയിരുത്തലുകള്‍.

Back to top button
error: