IndiaNEWS

കിരണ്‍ റിജിജുവിനെ നീക്കി; അര്‍ജുന്‍ റാം മേഘ്വാള്‍ പുതിയ നിയമമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഘ്വാള്‍ പകരം മന്ത്രിയാകും. പാര്‍ലമെന്ററികാര്യ- സാംസ്‌കാരിക സഹമന്ത്രിയായ അര്‍ജുന്‍ റാം മേഘ്‌വാള്‍, രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിയാണ്. നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിക്കും. മറ്റു വകുപ്പുകള്‍ തുടര്‍ന്നും കൈകാര്യം ചെയ്യും. ഇതു സംബന്ധിച്ച് രാഷ്ട്രപതിഭവന്‍ ഉത്തരവിറക്കി.

കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. രണ്ടാം മോദി മന്ത്രിസഭയില്‍ ആദ്യം ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന കിരണ്‍ റിജിജു പിന്നീട് സ്‌പോര്‍ട്‌സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്രചുമതലയിലേക്കും 2021 ജൂലൈ ഏഴ് മുതല്‍ നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Signature-ad

കേന്ദ്രമന്ത്രിസഭയില്‍ മറ്റ് അഴിച്ചുപണികളില്ലാതെ റിജിജുവിനെ മാത്രം മാറ്റുന്നതിനുള്ള കാരണം വ്യക്തമല്ല. ജഡ്ജി നിയമനം ഉള്‍പ്പെടെ പല സുപ്രധാന വിഷയങ്ങളിലും സുപ്രീകോടതിയുമായി പലവട്ടം ഏറ്റുമുട്ടിയ ചരിത്രമുണ്ട് റിജിജുവിന്.

Back to top button
error: