കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ നിയമലംഘനം നടത്തിയ ബോട്ട് പിടികൂടി. 140 പേരെ കയറ്റാവുന്ന ഉല്ലാസ ബോട്ടിൽ 170 പേരെയാണ് കയറ്റിയത്. മിനാർ എന്ന ബോട്ടിലാണ് നിയമലംഘനം നടന്നത്. ബോട്ടിലെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവദിച്ചതിൽ കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയ രണ്ട് ബോട്ടുകൾ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
മലപ്പുറം താനൂർ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ബോട്ടുകളുടെ മരണക്കളി കൊച്ചിയിൽ പൊലീസ് പൊക്കിയത്. കൊച്ചിയിൽ സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് ചട്ടം ലംഘിച്ചതിന് പൊലീസ് പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റി സെന്റ് മേരീസ് ബോട്ടാണ് സർവീസ് നടത്തിയത്. സംഭവത്തിൽ ബോട്ടുകളിലെ സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടേയും ലൈസൻസും ബോട്ടുകളുടെ പ്രവർത്തനാനുമതിയും റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.