KeralaNEWS

ഡ്യൂട്ടിക്കിടെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ്റെ ശവമഞ്ചം തോളിലേറ്റി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക്

കോട്ടയം: പാലാ രാമപുരത്ത് ഡ്യൂട്ടിക്കിടെ കെട്ടിടത്തിൽനിന്ന് കാൽവഴുതി വീണ് മരിച്ച പോലീസുകാരന്റെ മൃതദേഹം സംസ്കരിച്ചു.രാമപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ. കുറവിലങ്ങാട് സ്വദേശി ജോബി ജോർജാണ് ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണ് മരിച്ചത്.
രാമപുരം ബസ് സ്റ്റാൻഡിനു സമീപത്ത് ചീട്ടുകളി സംഘമുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ കെട്ടിടത്തിന്റെ ഇടനാഴിയിൽനിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
സർവീസിലിരിക്കെ മരിച്ച സി.ബി.സി.ഐ.ഡി.പോലീസ് ഓഫീസറായിരുന്ന വി.വി. ജോർജ്ജിന്റെ മകനായിരുന്നു ജോബി ജോർജ്.മാർഗദർശിയായ അച്ഛന്റെ ചിത്രത്തിന് തൊട്ടടുത്തായാണ് ജോബി ജോർജിന്റെ മൃതദേഹം വീടിനുള്ളിൽ അന്തിമോപചാരമർപ്പിക്കാൻ കിടത്തിയത്.
മൃതദേഹം രണ്ടോടെ രാമപുരം പോലീസ് സ്റ്റേഷനിലെത്തിച്ച് പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് നാട്ടുകാരും പൊതുപ്രവർത്തകരും അന്ത്യാഭിവാദ്യങ്ങളർപ്പിച്ചു.ഒരു മണിക്കൂറോളം രാമപുരം പോലീസ് സ്റ്റേഷനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിനുവെച്ചു. രാമപുരം പോലീസ് ഔദ്യോഗിക ബഹുമതി നൽകി ആദരിച്ചു.പാലാ ഡിവൈ.എസ്.പി. എ.ജെ. തോമസ്, രാമപുരം എസ്.എച്ച്.ഒ. എം.എസ്. ജിഷ്ണു എന്നിവർ നേതൃത്വംനൽകി.മന്ത്രി റോഷി അഗസ്റ്റിൻ പുഷ്പചക്രം സമർപ്പിച്ചു.
പിന്നീട് പൊൻകുന്നം ഇരുപതാം മൈൽ, കടുക്കാമല വാഴേപറമ്പിൽ വീട്ടിലെത്തിച്ച ജോബി ജോർജ് (51) ന്റെ മൃതദേഹം വീട്ടിൽ നിന്നും പള്ളിയിലേക്ക് എടുത്തത് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ആയിരുന്നു.മൃതദേഹം വസതിയിൽ നിന്നും പള്ളിയിലേക്ക് എടുക്കുമ്പോൾ നിറകണ്ണുകളോടെയാണ് പോലീസ് ഉദ്യോഗസ്ഥർ തോളിലേറ്റിയത്.പള്ളിയിലെ മരണാനന്തര ചടങ്ങുകൾ കഴിയുന്നതുവരെ പോലീസ് ഉദ്യോഗസ്ഥർ പള്ളി സെമിത്തേരിയിൽ തന്നെ നിലയുറപ്പിച്ചിരുന്നു.

Back to top button
error: