IndiaNEWS

രാജ്യസ്നേഹിയായതിന് പീഡിപ്പിക്കപ്പെടുന്നു: സിബിഐ റെയ്ഡിനോട് പ്രതികരിച്ച് സമീര്‍ വാങ്കഡെ

മുംബൈ: രാജ്യസ്നേഹിയായതിന് പീഡിപ്പിക്കപ്പെടുന്നുവെന്ന് ആരോപിച്ച് എന്‍സിബി മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെ. ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിക്കേസ് ഒതുക്കാന്‍ സമീര്‍ വാങ്കഡെ 25 കോടി രൂപ ആവശ്യപ്പെട്ടതായുള്ള കേസില്‍ സിബിഐ റെയ്‌സ് നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”18 സിബിഐ ഉദ്യോഗസ്ഥരാണ് വീട്ടില്‍ 12 മണിക്കൂറിലേറ പരിശോധന നടത്തിയത്. ഭാര്യയും മക്കളും ഉള്ളപ്പോഴായിരുന്നു പരിശോധന. 23,000 രൂപയും നാല് വസ്തുക്കളുടെ ആധാരവുമാണ് അവര്‍ കണ്ടെത്തിയത്. നാല് വസ്തുക്കളും സര്‍വീസില്‍ കയറുന്നതിനു മുന്‍പു തന്നെ വാങ്ങിയതാണ്. ഭാര്യ ക്രാന്തിയുടെ മൈാബെല്‍ ഫോണും സിബിഐ പിടിച്ചെടുത്തു. സഹോദരി യാസ്മിന്‍ വാങ്കഡെയുടെയും അച്ഛന്‍ ജ്ഞാനേശ്വര്‍ വാങ്കഡെയുടെയും വീട്ടില്‍നിന്നും 28,000 രൂപ വീതം പിടിച്ചെടുത്തു. ഭാര്യാപിതാവിന്റെ വീട്ടില്‍നിന്ന് 1800 രൂപയും ഇതിനു പുറമെ പിടിച്ചെടുത്തു.” -സമീര്‍ വാങ്കഡെ പറഞ്ഞു.

Signature-ad

അതേസമയം, ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിക്കേസ് ഒതുക്കാന്‍ സമീര്‍ ഇടപെട്ടതായി സിബിഐയ്ക്കു രഹസ്യ വിവരം ലഭിച്ചതോടെയാണ് അഴിമതിക്കുറ്റം ചുമത്തി കേസെടുത്തത്. തുടര്‍ന്ന് സിബിഐ വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളില്‍ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.

സംഘത്തിലെ എസ്പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരില്‍ സര്‍വീസില്‍നിന്നു നേരത്തെ പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണു കടുത്ത നടപടിയെന്ന് എന്‍സിബി മേധാവി അറിയിച്ചു.

2021 ല്‍ ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി ആര്യന്‍ ഖാനെ അടക്കം അറസ്റ്റ് ചെയ്ത എന്‍സിബി സംഘത്തിന്റെ മേധാവിയായിരുന്നു വാങ്കഡെ. കേസ് ഒതുക്കി തീര്‍ക്കാന്‍ സമീറും രണ്ട് ഉദ്യോഗസ്ഥരും, ആഡംബര കപ്പലില്‍ റെയ്ഡ് നടത്തിയപ്പോഴുണ്ടായ സാക്ഷിയും ചേര്‍ന്നാണ് പണം ആവശ്യപ്പെട്ടത്. ലഹരിക്കേസില്‍ നാല് ആഴ്ചയോളം ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാനെ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയച്ചു. ആര്യന്‍ ഖാന്‍ കേസ് നടക്കുന്ന സമയത്ത് സമീര്‍ വാങ്കഡെയെയും സ്ഥലം മാറ്റിയിരുന്നു.

Back to top button
error: