പ്രബുദ്ധ കേരളമെന്നാണ് കേരളത്തെ നമ്മള്‍ അഭിമാനത്തോടെ വിശേഷിപ്പിക്കാറുള്ളത്. വലുപ്പം അടിസ്ഥാനമാക്കിയാല്‍ കൊച്ചു സംസ്ഥാനമാണ് നമ്മുടേതെങ്കിലും നവോത്ഥാന നായകന്മാര്‍ അടിത്തറയിട്ട സാമൂഹിക ഭൂമികയില്‍ നിന്ന് നമ്മള്‍ പടുത്തുയര്‍ത്തിയത് ഒട്ടും ചെറുതല്ലാത്ത നേട്ടങ്ങളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരുപക്ഷേ വികസ്വര രാജ്യങ്ങള്‍ക്കുമൊക്കെ മാതൃകയാവുന്ന തരത്തിലുള്ളതാണ് പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യരംഗത്തുമൊക്കെ നമ്മള്‍ കരഗതമാക്കിയ നേട്ടങ്ങള്‍.
മാനവ വികസന സൂചികയില്‍ മുന്തിയ സ്ഥാനമാണ് കേരളത്തിനുള്ളത്.ഉത്ബുദ്ധമായ സാമൂഹിക, രാഷ്ട്രീയ ബോധമുള്ളവരാണ് മലയാളികള്‍. സാമൂഹികവും ജാതീയവുമായ അസമത്വങ്ങള്‍ക്കെതിരാണ് മലയാളിയുടെ പൊതുമനസ്സ്.എന്നാല്‍ നമ്മുടെ സാമൂഹിക സുസ്ഥിതിയെയും, പൊതുജനാരോഗ്യത്തെയും, ഉത്പാദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും ഒക്കെ ബാധിക്കുന്ന തരത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് മലയാളിയുടെ ഇന്നത്തെ ലഹരി ഉപയോഗം.കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകത്തിൽ കണ്ടതും ഇതുതന്നെയാണ്.
കേരളം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളിൽ പ്രധാനമാണ് ലഹരിയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും.സംസ്ഥാനം നേടിയെടുത്ത സാമൂഹിക നേട്ടങ്ങൾ പലതും ഇല്ലാതാക്കുന്ന ഒന്നായി മദ്യവും മയക്കുമരുന്നും മാറിയിരിക്കുന്നു.ഇവ സൃഷ്‌ടിക്കുന്ന ദുരിതങ്ങൾ കേരളത്തിലെ കുടുംബങ്ങളിലും സമൂഹത്തിലും സമ്പദ്‌ഘടനയിലും രാഷ്‌ട്രീയ രംഗത്തുമെല്ലാം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടുപോലും ലഹലിക്കെതിരെയുള്ള ജനകീയ ഇടപെടലുകൾ വളരെ പരിമിതമാണെന്ന് മാത്രമല്ല മദ്യം പോലെയുള്ളവയ്ക്ക് സാമൂഹിക അംഗീകാരം വർധിച്ചുവരികയുമാണ്.
ജനകീയ ഇടപെടലുകൾ വഴി മെച്ചപ്പെട്ട സാമൂഹികവികസനം രൂപപ്പെട്ടുവന്ന സംസ്ഥാനമാണ് കേരളം. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങൾ മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി വരെ ജനക്ഷേമത്തിൽ ഊന്നിയ “കേരള വികസന മാതൃക കരുപ്പിടിപ്പിക്കുന്നതിൽ പങ്കാളികളായിരുന്നു. ഇതിലൊക്കെ തൽപ്പരരായ മാലോകർ ഇവിടേയ്‌ക്ക് ധാരാളമായി വരികയും കേരളത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ചെയ്‌തിട്ടുണ്ട്. അങ്ങനെയാണ് “കേരള മാതൃക ലോകം മുഴുവൻ അറിയാൻ ഇടയായത്.
ക്ഷേമാധിഷ്‌ഠിത കേരള മാതൃക ഇന്ന് ദുർബലപ്പെടുകയാണ്.പകരം ലഹരി, ആത്മഹത്യ, റോഡപകടം, കുറ്റകൃത്യങ്ങൾ, മാഫിയാവത്‌കരണം എന്നിവ പെരുകിക്കൊണ്ടിരിക്കുന്നു.ഈ അവസ്ഥ അപചയമല്ല അപകടകരമാണെന്നു തന്നെ പറയേണ്ടിവരും.