Health

ഉച്ച ഉറക്കം പതിവാണോ, എങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളും ഒപ്പമുണ്ട്; അറിഞ്ഞിരിക്കാം ഈ വസ്തുതകൾ 

    ഉച്ചഉറക്കം ഒരു ശീലമാണ്. ഭക്ഷണ ശേഷമുള്ള ഈ മയക്കം ഒരു സുഖാനുഭവമാണ് പലർക്കും. പക്ഷേ ഉച്ചയ്ക്ക് 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഒബീസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ആധികാരികപഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉച്ചഭക്ഷണത്തിന് ശേഷം 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് (BMI) ഉണ്ടാകാനും മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

ഉച്ചഉറക്കം അമിതമാകുന്നത് അമിതവണ്ണം, ഉപാപചയ രോഗങ്ങള്‍ പോലുള്ള പലവിധ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ഈ  പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉച്ചമയക്കം 30 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്നത് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സ്, ഉയര്‍ന്ന പഞ്ചസാരയുടെ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഒബീസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ചൂ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.‌

41 വയസ്സ് പ്രായമുള്ള 3275 പേരിലാണ് പഠനം നടത്തിയത്. ബ്രിഗാമിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും അന്വേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സിനുള്ള സാധ്യത 2.1 ശതമാനം അധികമായിരുന്നതായി ഗവേഷകര്‍ കണ്ടെത്തി.

ആഴ്ചയിലൊന്നെങ്കിലും ദീര്‍ഘമായ ഉച്ചമയക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വളരെ വൈകിയാണ് പലപ്പോഴും കഴിക്കുകയും ഉറങ്ങുകയും ചെയ്യാറുള്ളതെന്നും ഗവേഷകര്‍ പറയുന്നു. ഇവര്‍ പുകവലിക്കാനുള്ള സാധ്യതയും അധികമാണെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

യുഎസിലെ മുതിര്‍ന്നവരില്‍ പത്തില്‍ നാലുപേര്‍ക്കും പൊണ്ണത്തടിയുണ്ട്. കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും പൊണ്ണത്തടി നിരക്ക് വര്‍ദ്ധിക്കുന്നു, 2 മുതല്‍ 19 വയസ്സുവരെയുള്ള അമേരിക്കക്കാരില്‍ 20 ശതമാനം പേര്‍ക്കും പൊണ്ണത്തടിയുള്ളതായി ഗവേഷകര്‍ പറയുന്നു.
30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്നത് പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മെറ്റബോളിക് സിന്‍ഡ്രോം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നേരത്തെ  നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡോ. മഹാദേവൻ

Back to top button
error: