KeralaNEWS

ആരാണ് ഡോക്ടർ വന്ദനയുടെ മരണത്തിനുത്തരവാദി ?

വൈകാതെ പത്തിലേറെ പേര്‍ മരിക്കുന്ന ബോട്ടപകടം കേരളത്തിലുണ്ടാവുമെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി മുന്നറിയിപ്പു നല്‍കിയത് അടുത്തിടെയാണ്.22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടം നടന്നത് അതിനുശേഷമായിരുന്നു.അതിനൊപ്പം അദ്ദേഹം നല്‍കിയ മറ്റൊരു മുന്നറിയിപ്പാണ് രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയായി ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍ മരിക്കുന്ന സംഭവം ഉണ്ടാകുമെന്നത്.മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ വീതം കേരളത്തില്‍ അക്രമത്തിന് ഇരയാകുമ്ബോള്‍ ഇതുവരെ ഒരു മരണം ഉണ്ടായില്ല എന്നതു ഭാഗ്യം മാത്രമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുകയുണ്ടായി.
മുരളി തുമ്മാരുകുടിക്കു മുന്‍പേ ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുള്‍ഫി നൂഹുവും ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അധികം താമസിയാതെ കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകനോ ആരോഗ്യ പ്രവര്‍ത്തകയോ കൊല്ലപ്പെടുമെന്നാണ് അദ്ദേഹവും അതില്‍ മുന്നറിയിപ്പു നല്‍കിയിരുന്നത്.അങ്ങനെയൊന്നു സംഭവിച്ചില്ലെങ്കില്‍ മാത്രമാണ് അത്ഭുതമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
 

ബോട്ടുകളുടെ കൈവിട്ട കളി താനൂരിലാണ് മനുഷ്യ ജീവനുകള്‍ എടുത്തതെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരമ്ബരയുടെ അവസാനം ജീവന്‍ നഷ്ടമായത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്.ഒരാഴ്ച മുൻപാണ് ഇവിടെ അടുത്ത് പുനലൂർ താലൂക്കാശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ നഴ്സിന് നേരെ ആസിഡ് ആക്രമണം ഉണ്ടായത്.

 

ഡോക്ടർമാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചതിലും രൂക്ഷമായി ഇനിയെങ്ങനെയാണ് ഉത്തരവാദപ്പെട്ടവരെ വിമര്‍ശിക്കേണ്ടത്.മയക്കുമരുന്നിന് അടിമയായ, അക്രമാസക്തനായ ഒരാളെ ഒരു ഡോക്ടറുടെ മുന്നിലേക്ക് ഇട്ടുകൊടുത്തത് എന്തു ധൈര്യത്തിലായിരുന്നുവെന്നത് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണ്. ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതു പോലെ ഡോക്ടറെയല്ല പ്രതി ആദ്യം ആക്രമിച്ചത്. പ്രതിയുടെ ബന്ധുവിനെയും പൊലീസിനെയും ഒക്കെ ആക്രമിച്ചതിന് ശേഷമാണ് ഡോക്ടർ ആക്രമിക്കപ്പെടുന്നത്.അത്രയും സമയത്തിനുള്ളിലും അക്രമിയെ കീഴടക്കാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നതും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

Signature-ad

 

ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ പണയം വച്ചാണോ ഈ നാട്ടിലെ പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമെന്ന് എന്തുകൊണ്ടാണ് ബന്ധപ്പെട്ടവര്‍ ഇനിയും തിരിച്ചറിയാത്തത്.ശക്തമായ നടപടി, ഉടന്‍ പരിഹാരം എന്നൊക്കെ പ്രഖ്യാപിക്കുന്നതല്ലാതെ ഫലപ്രദമായ ഒരു നടപടിയും ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് ഡോക്റ്റര്‍മാരുടെ സംഘടനകള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.ഏതാനും മാസം മുന്‍പ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരുപ്പുകാരും ബന്ധുക്കളും ചേര്‍ന്ന് ഡോക്ടറെ മര്‍ദിച്ച സംഭവത്തിനു പിന്നാലെയായിരുന്നു സ്ഥിതി അതീവ ഗുരുതരമെന്നു കാണിച്ചുകൊണ്ട് ഡോ. സുള്‍ഫിയുടെ കുറിപ്പ്.അന്നും പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഡോക്ടർക്ക് മര്‍ദനമേറ്റതെന്നതാണു ശ്രദ്ധേയം. ആശുപത്രി സംരക്ഷണ നിയമം ശക്തിപ്പെടുത്തുന്നത് അടക്കം നടപടികള്‍ ഉടനുണ്ടാവുമെന്ന് അന്നും ഡോക്ടർമാർക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്.അങ്ങനെ എത്രയെത്ര ഉറപ്പുകള്‍ ..!

 

.ഇക്കുറി രോഗിയുടെ ബന്ധുക്കളല്ല, രോഗി തന്നെയാണ് ഡോക്ടറെ ആക്രമിച്ചു കൊലപ്പെടുത്തിയത്.ഒപ്പമുള്ള പൊലീസുകാര്‍ക്ക് അതു തടയാനുമായില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി ഡിഅഡിക്ഷന്‍ സെന്‍ററില്‍ നിന്ന് അടുത്തിടെയാണു പുറത്തിറങ്ങിയത് എന്നാണു പറയുന്നത്. സ്ഥിരം പ്രശ്നക്കാരനാണ് ഇയാളെന്ന് അയല്‍വാസികളും നാട്ടുകാരും പറയുന്നുണ്ട്.അടിപിടി കേസിനെ തുടര്‍ന്നാണ് കാലിലേറ്റ മുറിവ് തുന്നിക്കെട്ടുന്നതിന് ആശുപത്രിയില്‍ എത്തിച്ചതും.എന്നിട്ടും ആക്രമണകാരിയാണ് ഇയാളെന്ന് പൊലീസ് അറിഞ്ഞില്ല എന്നാണോ? അതോ അറിവുണ്ടായിട്ടും ഡോക്ടർക്കരികിൽ എത്തിക്കുമ്ബോള്‍ അവര്‍ അപകടസാധ്യത മുന്‍കൂട്ടി കാണാതിരുന്നതാണോ?

 

കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വന്ദനയുടെ തലയുടെ പിന്‍ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കയ്യിലും മുതുകിലും കുത്തേറ്റു.ഡോക്ടറുടെ തലയില്‍ മാത്രം പ്രതി മൂന്ന് തവണയാണ് കുത്തിയത്.ആറ് തവണ മുതുകിലും കുത്തേറ്റു.മുതുകിലും തലയിലുമേറ്റ കുത്തുകളാണ് വന്ദനയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇത്രയും സമയം കൊണ്ട് വയലന്റായ ഒരാളെ കീഴടക്കാൻ പോലീസിനായിട്ടില്ല എന്നതും ശ്രദ്ധേയം.

 

22കാരിയായ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടിലും വൈരുദ്ധ്യമുണ്ട്.പ്രതി സന്ദീപ് ആദ്യം ആക്രമിച്ചത് വന്ദനെയാണെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാര്‍ക്ക് പരുക്കേറ്റതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ പ്രതി ആദ്യം ആക്രമിച്ചത് അയാളുടെ ബന്ധുവിനെയും പൊലീസുകാരേയുമാണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പൊലീസ് പറഞ്ഞിരുന്നത്.

 

അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കോട്ടയം മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി എട്ട് മണിയോടെ വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു.

Back to top button
error: