KeralaNEWS

നിങ്ങൾ കളയുന്ന ഓരോ ജീവനും നാളെ നിങ്ങളുടെ ജീവൻ രക്ഷിക്കേണ്ടവരുടേതാണെന്ന് ഓർക്കുക

നാളെ അന്താരാഷ്ട്ര നഴ്സസ് ദിനമാണ്.വിളക്കേന്തിയ വനിത-എന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ലോകമെങ്ങും ആചരിക്കുന്നത്.ആതുരസേവനരംഗത്ത് ഇന്ന് ലോകമെങ്ങും മലയാളികളുടെ സാന്നിധ്യമുണ്ട്.അതിനാൽതന്നെ അന്താരാഷ്ട്ര നഴ്സസ് ദിനം കേരളത്തിന്റെ ആതുരശുശ്രൂഷാ മികവിനുള്ള അംഗീകാരം കൂടിയാണ്.
.
 ലോകരാജ്യങ്ങൾക്കു മുന്നിൽ കേരളത്തിനൊരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത് ഇവിടുത്തെ നഴ്സുമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരാണ്.ഒരുകണക്കിന് രാജ്യത്തിന്റെ തന്നെ അംബാസഡർമാരായിരുന്നു അവർ.കേരളത്തിന്റെ ദുർബലമായ സമ്പത്ത് വ്യവസ്ഥയെ പലപ്പോഴും താങ്ങിനിർത്തിയതും ഇവർ വിദേശത്തുനിന്ന് അയക്കുന്ന പണമായിരുന്നു.പക്ഷെ അവർക്ക് സ്വന്തം നാട്ടിൽ ജോലിയെടുത്ത് ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇന്നുള്ളത്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്നലെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന.ഇതേ സമയത്തുതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു നഴ്സിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ തന്നെ അംബാസഡർമാരായിരുന്നു ഇവർ.ഇവരായിരുന്നു തങ്ങളുടെ തൊഴിലിനോടുള്ള ആത്മാർത്ഥതയും പ്രതിബദ്ധതയും കൊണ്ട് ഇന്ത്യക്ക് വിദേശരാജ്യങ്ങളിൽ ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്.കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തുകൊണ്ടിരുന്ന മാനവവിഭവശേഷിയും ഇതുതന്നെയായിരുന്നു.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഏതെല്ലാം തരത്തിലുള്ള വിപത്തുകൾ കേരളത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്.അല്ലെങ്കിൽ പകർച്ചവ്യാധികൾ..! അന്നെല്ലാം ഒരു ഭയവുമില്ലാതെ, അല്ലെങ്കിൽ തങ്ങളുടെ
ഡ്യൂട്ടിയുടെ ഭാഗമായി രാവും പകലുമെന്നില്ലാതെ രോഗികൾക്ക് കാവൽ ഇരുന്നവരും മറ്റാരുമായിരുന്നില്ല,ഇതേ ആരോഗ്യ പ്രവർത്തകർ തന്നെയായിരുന്നു.  ൺഅന്യരുടെ ജീവന് കാവലാളാകുന്നതിനിടയിൽ സ്വന്തം ജീവൻ ഹോമിക്കേണ്ടി വന്ന എത്രയെത്ര നഴ്സുമാർ നമ്മുടെ ഇടയിൽ തന്നെയുണ്ട്.
നിപ രോഗികളെ പരിചരിക്കുന്നതിനിടയിൽ സ്വന്തം ജീവൻ ഹോമിക്കേണ്ടി വന്ന കോഴിക്കോട്ടുകാരിയായ സിസ്റ്റർ ലിനി…
2011-ൽ കൊൽക്കത്തയിലെ എഎംആർഐ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച അവിടുത്തെ തന്നെ നഴ്സുമാരായിരുന്ന കോട്ടയം ഉഴവൂർ സ്വദേശിനി രമ്യ, കോട്ടയം കോതനല്ലൂർ സ്വദേശിനി വിനീത..
 തങ്ങളുടെ വാർഡിൽ അഡ്മിറ്റായിരുന്ന ആ ഒമ്പതു രോഗികളെയും ആളിപ്പടരുന്ന അഗ്നിനാളങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി ഷിഫ്റ്റ് ചെയ്തതിനുശേഷമാണ് ഇരുവരും മരണത്തിന് കീഴടങ്ങുന്നതെന്ന് ഓർക്കണം..
ഇങ്ങനെ എത്രയെത്ര പേർ വേറെ!
 രോഗിയുടെ ജീവൻ രക്ഷിക്കാൻ മണിക്കൂറുകൾ നീളുന്ന ശസ്ത്രക്രിയയിൽ അചഞ്ചലശ്രദ്ധയോടെ നിൽക്കുന്നവരാണ് ഡോക്ടർമാരും നഴ്സുമാരുമൊക്കെ.അതുപോലെ രാപകൽ ഭേദമില്ലാതെയും സമയക്രമം തെറ്റാതെയും മരുന്നും ശുശ്രൂഷയും നൽകി,കൃത്യനിർവഹണവ്യഗ്രതയാൽ പലപ്പോഴും ഉണ്ണാതെയും ഉറങ്ങാതെയും രോഗികൾക്ക് കാവലിരിക്കുന്നവരും.ഇതിൽ പലരും ഇന്നും വളരെ തുച്ഛമായ ശമ്പളത്തിലാണ് ജോലിയെടുക്കുന്നത്.അതും പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ‘സേവനത്തിനു’ ശേഷവും!
നിങ്ങൾ കളയുന്ന ഓരോ ജീവനും നാളെ നിങ്ങളുടെ ജീവൻ രക്ഷിക്കേണ്ടവരുടേതാണെന്ന് ഓർക്കുക.

Back to top button
error: