CrimeNEWS

ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കി

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് നീക്കി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനെയാണ് സർവ്വീസിൽ നിന്ന് നീക്കിയത്. വിശ്വ വിജയ് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് ദില്ലി സോണിന് കീഴിലുള്ള എൻസിബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്. ആഡംബര കപ്പലിൽ ലഹരി വസ്തുക്കളുമായി കണ്ടെത്തിയെന്ന ആരോപണത്തിലായിരുന്നു ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. എന്നാൽ കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു.

എൻസിബിയുടെ മുംബൈ ഓഫീസിലെ സൂപ്രണ്ടായിരുന്നു വിശ്വ വിജയ് സിംഗ്. ആര്യൻ ഖാനെതിരായ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനും വിശ്വ വിജയ് സിംഗ് ആയിരുന്നു. ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ എൻസിബി ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന് പിന്നിലെ അഴിമതി ആരോപണങ്ങൾ അടക്കമുള്ളവ അന്വേഷിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സസ്പെൻഷനിൽ തന്നെ തുടരുകയായിരുന്ന വിശ്വ വിജയ് സിംഗിനെതിരെ 2019 മുതൽ അന്വേഷണം നടന്നിരുന്നു.

Signature-ad

ഇതിൻറെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഇയാളെ സർവ്വീസിൽ നിന്ന് നീക്കിയത്. മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിംഗപ്പൂരിലേക്ക് പോയ മറ്റൊരു ഇൻറലിജൻസ് ഉദ്യോഗസ്ഥനായ വിശ്വനാഥ് തിവാരിയെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എൻസിബിയുടെ വിജിലൻസ് അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചകളും ചില സ്ഥാപിത താല്പര്യങ്ങളും കണ്ടെത്തിയിരുന്നു. ചില ഉദ്യോഗസ്ഥരുടെ സ്വത്തിൽ പെട്ടന്ന് വർധനവുണ്ടായെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ലഹരിമരുന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട ആര്യൻ ഖാനും മറ്റ് അഞ്ച് പേർക്കുമെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.ലഹരി മരുന്ന് പിടികൂടുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി ഉദ്യോഗസ്ഥർ കൃത്യമായി പാലിച്ചില്ലെന്ന് റിപ്പോർട്ടിലുണ്ട്. പ്രതികളോട് ഉദ്യോഗസ്ഥർ പ്രത്യേകം സമീപനം സ്വീകരിച്ചെന്നും എൻസിബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻസിബി പിടികൂടിയതും ലഹരി മരുന്ന് കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും.

Back to top button
error: