ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപാദക രാജ്യമായ പെറുവിലെ ഒരു സ്വർണ്ണ ഖനിയിൽ ഉണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. രാജ്യത്ത് സമീപകാലത്ത് ഉണ്ടായ ഏറ്റവും മോശം ഖനി അപകടങ്ങളിലൊന്നാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പെറുവിലെ അരെക്വിപ മേഖലയിലെ ലാ എസ്പറൻസ 1 ഖനിക്കുള്ളിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് 175 തൊഴിലാളികളെ ഒഴിപ്പിച്ചതായി യാനാക്വിഹുവ മൈനിംഗ് കമ്പനി അറിയിച്ചു. മരിച്ച 27 പേരും ഖനനത്തിൽ വിദഗ്ധനായ ഒരു കരാറുകാരൻറെ ജോലിക്കാരായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അപകടത്തെ തുടർന്ന് ഖനിക്കുള്ളിൽ 27 പേർ മരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ജിയോവാനി മാറ്റോസ് മാധ്യമങ്ങളെ അറിയിച്ചു. ഖനിയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ തീ പടരുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഷോർട്ട് സർക്കീട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് ഖനിയിലെ തടിതാങ്ങുകൾക്ക് തീ പിടിച്ചു. സ്ഫോടനം നടക്കുമ്പോൾ തൊഴിലാളികൾ ഏതാണ്ട് 100 മീറ്റർ താഴ്ചയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല. മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന് മുമ്പ് തന്നെ ഖനി സുരക്ഷിതമാക്കാൻ ശ്രമങ്ങൾ നടന്നെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശ്വാസംമുട്ടലും പൊള്ളലും മൂലമാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് യാനാക്വിഹുവ മേയർ ജെയിംസ് കാസ്‌ക്വിനോ പറഞ്ഞു. സ്ഫോടനം നടക്കുമ്പോൾ ഖനിക്കുള്ളിൽ എത്ര തെളിലാളികൾ ഉണ്ടായിരുന്നുവെന്നതിന് സ്ഥിരീകരണമില്ല.
പ്രാദേശിക തലസ്ഥാനമായ അരെക്വിപ നഗരത്തിൽ നിന്ന് 10 മണിക്കൂർ യാത്ര ചെയ്താൽ വിദൂര കോൺഡെസുയോസ് പ്രവിശ്യയിലെ ഖനി പ്രദേശത്ത് എത്തിച്ചേരാം. മിനറ യാനക്വിഹുവയിലെ അപകടം നടന്ന ഖനി അംഗീകൃത സ്ഥാപനമാണ്. എന്നാൽ, സമീപ പ്രദേശങ്ങളിൽ അനധികൃത സ്വർണ്ണ ഖനികൾ പ്രവർത്തിക്കുന്നണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പെറുവിൽ 23 വർഷമായി സ്വർണ്ണ ഖനനം നടക്കുന്നു. ഇന്ന് പെറുവിയൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന ശ്രോതസുകളിൽ ഒന്നാണ് സ്വർണ്ണ ഖനനം, ഖനന-ഊർജ്ജ മന്ത്രാലയത്തിൻറെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഖനനവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 39 പേരാണ് മരിച്ചത്. 2020 ലുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. സ്വർണ്ണം കൂടാതെ വെള്ളി, ചെമ്പ്, സിങ്ക് എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദക രാജ്യമാണ് പെറു.