KeralaNEWS

കാണാമറയത്ത് ഇരുന്ന് പുകമറ സൃഷ്ടിക്കുന്നത് മുഖ്യമന്ത്രി; പഴയ വിജയനാണെങ്കിലും പുതിയ വിജയനാണെങ്കിലും പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞേ പറ്റൂ: പ്രതിപക്ഷ നേതാവ്

കൊച്ചി: ആകാശവാണിയായി കാണാമറയത്ത് ഇരുന്നാണ് മുഖ്യമന്ത്രി ഇപ്പോഴും സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അങ്ങോട്ട് ചോദ്യം ചോദിക്കാൻ പറ്റില്ല. പുകമറ, യു.ഡി.എഫും ബി.ജെ.പിയും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു തുടങ്ങിയ ക്ലീഷേ വാചകങ്ങൾ അല്ലാതെ പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചേദ്യങ്ങളിൽ ഒന്നിന് പോലും മറുപടിയില്ല. മുഖ്യമന്ത്രിയാണ് ആരോപണവിധേയൻ. പുകമറയെന്നത് ആരോപണവിധേയർ സ്ഥിരമായി പറയുന്നതാണ്. അങ്ങനെ പ്രതിപക്ഷം പുകമറയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് മാറ്റി നിരപരാധിത്വം തെളിയിക്കേണ്ടത് മുഖ്യമന്ത്രിയാണ്. കൃത്യമായ തെളിവുകളുടെയും രേഖകളുടെയും പിൻബലത്തിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണമാണിത്. എല്ലാ നിയമവും ലംഘിച്ച് സ്വന്തക്കാർക്കും ബന്ധുക്കൾക്കും 100 കോടി രൂപയുടെ ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഇടപാടാണിത്. പുകമറയെന്ന് പറയുന്നത് തന്നെ ഒരു പുകമറ സൃഷ്ടിക്കലാണ്. പഴയ വിജയനായാലും പുതിയ വിജയനായാലും മറുപടി പറയണം. മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇപ്പോൾ നടത്തുന്നത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തത് ഉൾപ്പെടെയുള്ള രേഖകളാണ് പ്രതിപക്ഷം പുറത്ത് വിട്ടത്. പിന്നീട് സർക്കാരിന് തന്നെ അത് വെബ് സൈറ്റിൽ ഇടേണ്ടി വന്നു. അഴിമതി നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തു വിട്ടത്. എന്നിട്ടും മറുപടിയില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ നന്നായി നടന്നു പോകണം. പക്ഷെ പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നിൽ നിർത്തി സ്വകാര്യ കമ്പനികൾക്ക് കൊള്ള നടത്താൻ അവസരമൊരുക്കുന്നത് ശരിയല്ല. 40 കോടിയിൽ താഴെ തീരേണ്ട പദ്ധതിയാണ് 151 കോടിക്ക് ടെൻഡർ ചെയ്തത്. ഇത് കൂടാതെ മെയിന്റനൻസിന്റെ പേരിൽ 66 കോടി മാറ്റിവച്ചിട്ടുണ്ട്. അത് ചെലവാക്കാനിരിക്കുന്നതേയുള്ളൂ. ടെൻഡറിൽ പങ്കെടുത്ത മൂന്ന് കമ്പനികളെയും അയോഗ്യരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ആരോപണങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല. തൊട്ടാൽ കൈ പൊള്ളുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയോ വ്യവസായമന്ത്രിയോ പീടികയിൽ പോയി ചോദിക്കണമെന്ന് പറഞ്ഞ എ.കെ ബാലനോ വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കാത്തത്. പ്രെപ്പോസലിന്റെ ഒരു ഭാഗം മാത്രമാണ് ഇന്നലെ ഉന്നയിച്ചതെന്ന ആരോപണമുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയട്ടേ. 151 കോടിയിൽ ഉൾപ്പെട്ട എല്ലാ ചെലവുകളെക്കുറിച്ചുമാണ് ഇന്നലെ പറഞ്ഞത്. ടെൻഡർ കിട്ടിയ എസ്.ആർ.ഐ.ടി 9 കോടി രൂപ വാങ്ങി മാറി നിൽക്കുകയാണ്. കൺസോർഷ്യത്തിലെ മറ്റ് രണ്ട് കമ്പനികൾ ചേർന്നാണ് മറ്റ് കളികളെല്ലാം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രധാന റോഡുകളുടെ പണി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിഴയീടാക്കുന്നത് ശരിയല്ല. ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങൾ എല്ലാ രാജ്യങ്ങളിലുമുണ്ട്. അത്തരം സംവിധാനങ്ങൾ കേരളത്തിലും നടപ്പാക്കാണം. പക്ഷെ റോഡുകൾ പൂർണമായും ഗതാഗത യോഗ്യമാക്കിയ ശേഷമെ നിയമം ലംഘിക്കുന്നവരിൽ നിന്നും ഫൈൻ ഈടാക്കാവൂ. ഇതൊന്നും ചെയ്യാതെ ആയിരം കോടി രൂപ ജനങ്ങളിൽ നിന്നും പോക്കറ്റടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സാധാരക്കാരുടെ പോക്കറ്റിൽ നിന്നാണ് അഴിമതിക്ക് വേണ്ടിയുള്ള പണം ഈടാക്കുന്നത്. ജനങ്ങളുടെ പോക്കറ്റടിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. റോഡ് നന്നാക്കാതെ ജനങ്ങളെ പോക്കറ്റടിക്കാൻ സ്വകാര്യ കമ്പനികൾക്ക് സർക്കാർ അനുവാദം നൽകിയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്റ്റിമേറ്റ് ഘട്ടം മുതലുള്ള അഴിമതി സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇക്കാര്യത്തിൽ എന്തെങ്കിലും മറുപടി പറയാൻ കഴിവില്ലാത്ത ആന്റണി രാജു എന്തിനാണ് ഗതാഗത വകുപ്പ് തലയിൽ വച്ച് നടക്കുന്നത്. കൈ പൊള്ളുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഇതേക്കുറിച്ച് മന്ത്രി ഒന്നും പറയാത്തത്. പ്രതിപക്ഷം കൊണ്ടുവന്ന ഏതെങ്കിലും ഒരു രേഖയുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ ആരെങ്കിലുമുണ്ടോ? കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊണ്ടു വന്ന സ്പ്രിങ്ക്‌ളറും അഴക്കടൽ മത്സ്യബന്ധനവും ബ്രൂവറിയുമൊക്കെ എവിടെ പോയി? കഴിഞ്ഞ സർക്കാർ കൊണ്ടു വന്ന വിവാദ പദ്ധതികളൊക്കെ വഴിയിലിട്ടിട്ട് ഓടിയെന്ന് ആന്റണി രാജുവിന് മാധ്യമ പ്രവർത്തകർ പറഞ്ഞു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടർ ഭരണം കിട്ടിയതാണ് എല്ലാ പാപങ്ങൾക്കുമുള്ള മോക്ഷമെങ്കിൽ ഒന്നാം മോദി സർക്കാർ ചെയ്തതൊക്കെ സി.പി.എം അംഗീകരിക്കുന്നുണ്ടോ? പലകാര്യങ്ങളും ജനങ്ങൾക്ക് അറിയില്ലായിരുന്നു. സ്വർണക്കള്ളക്കടത്ത് നടത്തിയതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി 100 ദിവസം ജയിലിലായിരുന്നു. മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിൽ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും ജയിലിലാണ്. അഴിമതി ക്യാമറയുടെയും കെ ഫോണിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കരനെ പോലുള്ള ഒരാളെ വച്ചുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി ഇതാണ് ചെയ്തുകൊണ്ടിരുന്നത്. ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്ത് വരാനുണ്ട്. കെ റെയിലിനായി കൊണ്ടുവന്ന മഞ്ഞക്കുറ്റിയുമായി ഓടിപ്പോയ വഴിയിൽ പുല്ല് പോലും മുളച്ചിട്ടില്ല. കേന്ദ്ര സർക്കാർ അനുമതി നൽകിയാലും നടപ്പാക്കാൻ പ്രതിപക്ഷം അനുവദിക്കില്ല. നികുതി പിരിക്കുന്നതിലെ പരാജയം മറികടക്കുന്നതിന് വേണ്ടിയാണ് പിഴയീടാക്കിയും വൈദ്യുതി- വെള്ള നിരക്കുകൾ വർധിപ്പിച്ചും ജനങ്ങളെ ദ്രോഹിക്കുന്നത്. നികുതി ഭീകരതയാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: