അമൃത്സര്‍: പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിന് സമീപം ശനിയാഴ്ച അര്‍ധരാത്രിയോടെയുണ്ടായ സ്ഫോടനത്തില്‍ ഏതാനുംപേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണെന്ന് ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളും പ്രദേശവാസികളും കരുതിയെങ്കിലും അതിനുള്ള സാധ്യത പോലീസ് തള്ളി.
ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ചില്ല് തകര്‍ന്ന ജനാലയ്ക്ക് സമീപത്തുനിന്ന് ഒരു പ്രത്യേക പൊടി കണ്ടെടുത്തു. സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഫോടനത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്കാന് സാധിക്കുകയുള്ളുവെന്ന് അമൃത്സര്‍ പോലീസ് കമ്മിഷണര്‍ നോനിഹാല്‍ സിങ് പ്രതികരിച്ചു.
ചില്ലുകഷണങ്ങള്‍ തെറിച്ചുവീണ് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ആറ് പെണ്‍കുട്ടികള്‍ക്ക് നിസാര പരിക്കേറ്റതായി പ്രദേശവാസി അറിയിച്ചു.
അമൃത്സറിലുണ്ടായ സ്ഫോടനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നും പോലീസ് കമ്മിഷണര്‍ ട്വീറ്റ് ചെയ്തു. സ്ഫോടനത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാനും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് അവയുടെ വിശ്വസനീയത പരിശോധിക്കണമെന്നും ട്വീറ്റിലൂടെ കമ്മിഷണര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.