വേനലവധിക്ക് ടൂറിസം പാക്കേജുമായി ഇന്ത്യൻ റയിൽവേ. ചുരുങ്ങിയ ചിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്താന്‍ ‘ഭാരത് ഗൗരവ് ടൂറിസം ടൂർ’ ‘പാക്കേജുമായി എത്തിയിരിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന ഐആര്‍സിടിസിയേണ്.
മേയ് 19 -ന് കേരളത്തില്‍ നിന്ന് യാത്രതിരിച്ച് ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തിയുള്ള ഗോള്‍ഡന്‍ ട്രയാംഗിള്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മെയ്30- ന് തിരിച്ചെത്തുന്ന തരത്തിലാണ് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പൂര്‍, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് തിരികെ എത്തുന്നത്. എസി 3 ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവ ചേര്‍ന്ന ട്രെയിനില്‍ ആകെ 750 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സ് 544 യാത്രക്കാര്‍ &കംഫര്‍ട്ട് ക്ലാസ്സ് 206 യാത്രക്കാര്‍ക്കും യാത്ര ചെയ്യാനാകും. യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍, പോതന്നൂർ ജംഗ്ഷന്‍, ഈറോഡ് ജംഗ്ഷന്‍,സേലം എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ കയറാവുന്നതാണ്. മടക്കയാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാവുന്നതുമാണ്.
പതിനൊന്ന് രാത്രിയും പതിനൊന്ന് പകലുകളും നീണ്ടു നില്‍ക്കുന്നതാണ് യാത്ര. 6475 കിലോമീറ്ററോളം സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനാകും. ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ പാര്‍ക്കുമായ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, ചാര്‍മിനാര്‍, ഇന്ത്യയിലെ പ്രധാന ദേശീയ മ്യൂസിയങ്ങളില്‍ ഒന്നായ സലര്‍ജംഗ് മ്യൂസിയം, ഗോല്‍കൊണ്ട കോട്ട, താജ്മഹലും ആഗ്ര കോട്ടയും, ദില്ലിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളായ ചെങ്കോട്ട, രാജ്ഘട്ട്, ലോട്ടസ് ടെംപിള്‍, ഖുത്ബ് മിനാര്‍ എന്നിവയും, രജപുത്ര നഗരമായ ജയ്പൂരിലെ സിറ്റി പാലസ്, ജന്തര്‍ മന്തര്‍, ഹവാ മഹല്‍ എന്നിവയും, ഗോവയിലെ കലന്‍ഗുട്ട് ബീച്ച്, വാഗത്തോര്‍ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രല്‍ എന്നിവിടങ്ങളും യാത്രയില്‍ സഞ്ചരിക്കാന്‍ കഴിയും.
നോണ്‍ എ.സി ക്ലാസ്സിലെ യാത്രയ്‌ക്ക് സ്റ്റാന്‍ഡേര്‍ഡ് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 22,900/ രൂപയും തേര്‍ഡ് എ.സി ക്ലാസ്സിലെ യാത്രയ്‌ക്ക് കംഫര്‍ട്ട് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 36,050/ രൂപയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും IRCTC വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.