കൊല്ലം: കടയ്ക്കലില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ മണ്‍വെട്ടികൊണ്ട് അടിച്ചുകൊന്ന കേസില്‍ യുവതി റിമാന്‍ഡില്‍. കടയ്ക്കല്‍ വെള്ളാര്‍ വട്ടം കാറ്റാടിമുട് നന്ദു ഭവനില്‍ സാജു കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഭാര്യ പ്രിയങ്കയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. തന്നെ കൈയ്യേറ്റം ചെയ്ത സാജുവിനെ പ്രിയങ്ക തിരിച്ചടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സമീപത്തുണ്ടായിരുന്ന മണ്‍വെട്ടിയെടുത്ത് സാജു നിലത്ത് വീഴുന്നത് വരെ പ്രിയങ്ക അടിക്കുകയായിരുന്നു. പ്രിയങ്ക തന്നെയാണ് കടയ്ക്കല്‍ പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും സാജു മരിച്ചിരുന്നു. തുടര്‍ന്നാണ് പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ സാജു നിരന്തരം മദ്യപിച്ചെത്തി പ്രിയങ്കയെ ഉപദ്രവിച്ചിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ പ്രിയങ്കയും രണ്ട് മക്കളും വീടുകള്‍ മാറി താമസിച്ചു വരികയായിരുന്നു. പ്രിയങ്കയുടെ അമ്മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രിയങ്ക വീട്ടു ജോലിയെടുത്താണ് കുട്ടികളെ വളര്‍ത്തിയിരുന്നത്.
കഴിഞ്ഞ മാസം വാടക വീട്ടിലെത്തി സാജു പ്രിയങ്കയെ ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് കടയ്ക്കല്‍ സ്റ്റേഷനില്‍ പ്രിയങ്ക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരെയും വിളിച്ചുവരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ഇനി പ്രിയങ്കയെ ഉപദ്രവിക്കില്ലെന്ന് സ്റ്റേഷനില്‍ എഴുതി നല്‍കിയാണ് അന്ന് സാജു പോയത്.
ഓച്ചിറയിലെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനാണ് സാജു. കുറച്ചുദിവസമായി ജോലിക്ക് പോയിരുന്നില്ല. കടയ്ക്കല്‍ അര്‍ത്തിങ്ങലിലെ വാടക വീട്ടില്‍ എത്തിയ സാജു ഇളയമകനേയും കൂട്ടി പുറത്തു പോയി ആഹാരം കഴിച്ചു വന്നതിന് ശേഷമാണ് പ്രിയങ്കയുമായി വഴക്കുണ്ടാകുന്നത്. മണ്‍വെട്ടി കൊണ്ടുളള അടിയില്‍ സാജുവിന്റെ ദേഹമാസകലം പരിക്കുണ്ട്. തുടയെല്ല് പൊട്ടിയ അവസഥയിലാണ്, തലക്ക് പിന്‍വശത്ത് അടിയേറ്റിട്ടുണ്ട്.