അവനൊരുത്തന്‍ കാരണം ബുദ്ധിമുട്ടിലായത് നിരവധി പേര്‍; അമേരിക്കയിലേക്ക് കുടിയേറാന്‍ അപേക്ഷ നല്‍കിയവര്‍ പെട്ടു; അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ച് അമേരിക്ക; കടുത്ത നിലപാടിനു കാരണം അഫ്ഗാന്‍ പൗരന്റെ വെടിവെപ്പ്

വാഷിംഗ്ടണ്‍ ; എങ്ങിനെയെങ്കിലും അഫ്ഗാന്‍മണ്ണില്‍ നിന്നും യുഎസിലേക്ക് ചേക്കേറണമെന്ന മോഹവുമായി കുടിയേറ്റ അപേക്ഷനല്‍കി കാത്തിരിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളുടെ ഇടനെഞ്ചിലെ പ്രതീക്ഷകളിലേക്കാണ് അയാള്‍ നിറയൊഴിച്ചത്.
വാഷിങ്ടണ്‍ ഡിസിയില്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ അഫ്ഗാന്‍ പൗരന്‍ നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്ന് അഫ്ഗാനില്‍ നിന്നുള്ള എല്ലാ കുടിയേറ്റ അപേക്ഷകളും പരിഗണിക്കുന്നത് യുഎസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 2021-ല്‍ കുടിയേറിയ അഫ്ഗാന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഇടിത്തീ പോലെയാണ് അമേരിക്കയുടെ ഈ തീരുമാനം അഫ്ഗാനില്‍ നിന്നും കുടിയേറാന്‍ അപേക്ഷ നല്‍കിയിരിക്കുന്നവര്‍ കേട്ടത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസ് എടുത്തിരിക്കുന്ന ഈ തീരുമാനപ്രകാരം അനിശ്ചിതകാലത്തേക്ക് അപേക്ഷകളില്‍ ഇനി നടപടിയെടുക്കില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര സുരക്ഷയും അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയുടെ രാജ്യം പ്രാധാന്യം നല്‍കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
താലിബാന്‍ ഭരണമേറ്റെടുത്ത ശേഷം അഫ്ഗാനില്‍ നിന്നെത്തിയ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് ഭീകരാക്രമണമെന്ന് പറഞ്ഞു. വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. വെറുപ്പിന്റെയും, ഭീകരതയുടെയും പ്രവൃത്തി എന്നാണ് ട്രംപ് ഇതിനെ വിമര്‍ശിച്ചത്.
അഫ്ഗാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാള്‍ എന്ന 29 കാരനാണ് പ്രതി. 2021 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ശേഷം ഇവിടെ ജീവിക്കുകയായിരുന്നു.വെടിവയ്പിനിടെ വെടിയേറ്റ ഇയാള്‍ നിലവില്‍ കര്‍ശന സുരക്ഷയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.
എന്തായാലും ഇയാള്‍ ഒരുത്തന്‍ കാരണം വഴിയാധാരമായിരിക്കുന്നത് അഫ്ഗാനിലെ ആയിരങ്ങളാണ്.






