KeralaNEWS

”തള്ളേ കലിപ്പുകള് തീരണില്ലല്ലോ?” തമിഴ്‌നാടിന് തലവേദനയായി അരിക്കൊമ്പന്‍

ഇടുക്കി: തമിഴ്‌നാടിനെ ഭീതിയിലാക്കി അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. ഇന്നലെ രാത്രിയാണ് ആന തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ഹൈവേഡ് ഡാമിന് സമീപം ഇറങ്ങിയത്. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ അരിക്കൊമ്പന്‍ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാക്കുകയാണ് അരിക്കൊമ്പന്‍.

തമിഴ്‌നാട് വന മേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. അതേസമയം, മഴ മേഘങ്ങള്‍ കാരണം ഇപ്പോള്‍ അരിക്കൊമ്പന്റെ സിഗ്‌നല്‍ ലഭിക്കുന്നില്ല. തമിഴ്‌നാട് വനമേഖലയോടു ചേര്‍ന്ന്, ജനവാസമുള്ള മേഘമലയില്‍ പലതവണയാണ് അരിക്കൊമ്പന്‍ ഇറങ്ങിയത്. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാര്‍, മണലാര്‍ മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നല്‍കി.

Signature-ad

ചിന്നക്കനാലിലെ സാഹചര്യങ്ങള്‍ക്കു സമാനമാണ് മേഘമലയിലേത്. വനാതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തില്‍ തേയിലത്തോട്ടവും ലയങ്ങളുമുണ്ട്. പ്രദേശത്തെ കാലാവസ്ഥയും ചിന്നക്കനാലിലേത് പോലെയാണ്. ഇരവിങ്കലാറില്‍ അരിക്കൊമ്പന്‍ ഒരു വീടിന്റെ വാതിലുകള്‍ തകര്‍ത്തു എന്ന വ്യാജവാര്‍ത്തയും പ്രചരിച്ചു. വീടിന്റെ വാതില്‍ കാട്ടാന പൊളിച്ചെന്നും ഇത് അരിക്കൊമ്പന്‍ അല്ലെന്നും തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Back to top button
error: