CrimeNEWS

ഭക്ഷണം കഴിച്ച് പണം നല്‍കാതെ എസ്.ഐയും കുടുംബവും മുങ്ങി; പിടിവീണപ്പോള്‍ മദ്യലഹരിയില്‍ പൂരപ്പാട്ടും പരാക്രമവും

േകാഴിക്കോട്: മദ്യലഹരിയില്‍ ഹോട്ടലിലും കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച എസ്.ഐ. അറസ്റ്റില്‍. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്.

വ്യാഴാഴ്ച രാത്രിയാണ് പക്രംതളം ചുരം പത്താംവളവിനുസമീപത്തെ ഹോട്ടലിലും തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്തും നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. കുടുംബത്തോടൊപ്പം പക്രംതളം ചുരത്തിലെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച എസ്.ഐ. ഹോട്ടല്‍ ഉടമയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണെന്നു പറഞ്ഞ് പണം കൊടുക്കാതെ ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് ഇയാള്‍ സ്ഥലംവിടുകയുമായിരുന്നു.

Signature-ad

വിവരമറിഞ്ഞ നാട്ടുകാരും പോലീസും ചേര്‍ന്ന് തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്ത് എസ്.ഐയും കുടുംബവും സഞ്ചരിച്ച ടാക്‌സി കാര്‍ തടഞ്ഞുനിര്‍ത്തി. നാട്ടുകാരുടെയും കസ്റ്റഡിയിലെടുക്കാനെത്തിയ തൊട്ടില്‍പ്പാലം പോലീസിന്റെയും നേര്‍ക്ക് എസ്.ഐ. അസഭ്യവര്‍ഷം തുടര്‍ന്നു. പോലീസ് ബലം പ്രയോഗിച്ച് തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനിലെത്തിച്ചു. ചോദ്യംചെയ്യലിനിടെയാണ് ന്യൂമാഹി സ്റ്റേഷന്‍ എസ്.ഐ. അനില്‍കുമാറാണ് പിടിയിലായിരിക്കുന്നതെന്ന് മനസ്സിലായത്. വൈദ്യപരിശോധനയ്ക്കായി കുറ്റ്യാടി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴും ഇയാള്‍ പരാക്രമം തുടര്‍ന്നു. കേസ് ചാര്‍ജ് ചെയ്തതിനുശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

Back to top button
error: