
കണ്ണൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ കയറി കളിത്തോക്കു ചൂണ്ടി യുവാവ് കവര്‍ച്ചയ്ക്കിറങ്ങിയത് ബിസിനസ് തുടങ്ങാന്‍ പണത്തിനായി. ചെരുപ്പുകട തുടങ്ങാനാവശ്യമായ പണത്തിനാണ് താന്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്നു പിടിയിലായ പേരട്ട സ്വദേശി കാരോട്ട് അബ്ദുല്‍ ഷുക്കൂര്‍ (26) പോലീസ് ചോദ്യം ചെയ്യലില്‍ മൊഴി നല്കി.
പേരട്ടയില്‍ ചെരുപ്പുകട തുടങ്ങുന്നതിനായി മുറിക്ക് 50,000 ഡെപ്പോസിറ്റ് നല്‍കിയിരുന്നു. 1.2 ലക്ഷം കൂടി അടുത്ത ദിവസം വേണമെന്നും ഇതിനാണു കവര്‍ച്ച നടത്തിയതെന്നുമാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. പേരട്ട ടൗണിലാണ് പട്ടാപ്പകല്‍ ഹെല്‍മെറ്റ് ധരിച്ചു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെത്തിയ യുവാവ് ജീവനക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്.
മോഷ്ടാവിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് പണവുമായി ഓടിയ യുവാവിനെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടാനുളള ശ്രമത്തിനിടെ ഓവുചാല്‍ ചാടിക്കടക്കുന്നതിനിടെ വീണു കാല് ഉളുക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഉളിക്കല്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പേരട്ട ടൗണില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയാ ഫിനാന്‍സിലാണ് വ്യാഴാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കവര്‍ച്ച നടന്നത്. ഹെല്‍മെറ്റ് ധരിച്ച് ഇടപാടുകാരനെന്ന് വ്യാജേനെ സ്ഥാപനത്തിലെത്തിയ യുവാവ് പെട്ടെന്ന് തോക്കുചൂണ്ടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്നു മേശവലിപ്പു തുറന്നു പണം മുഴുവന്‍ എടുക്കാനായി ശ്രമം. ജീവനക്കാരി തടഞ്ഞതിനാല്‍ 22,500 രൂപയെ കൈവശമുണ്ടായിരുന്ന ബാഗില്‍ വാരിയിടാന്‍ കഴിഞ്ഞുള്ളൂ. രണ്ടുലക്ഷത്തോളം രൂപ ചിതറി താഴെ വീണു.
കൈയില്‍ കിട്ടിയ പണവുമായി ഓടിയ യുവാവിനെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വര്‍ക്ക് ഷോപ്പു നടത്തുകയായിരുന്ന ഷിജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. സമീപത്തെ ഓവുചാല്‍ ചാടിക്കടക്കുന്നതിനിടെ യുവാവ് കാല് ഉളുക്കി താഴെ വീഴുകയായിരുന്നു. ഹെല്‍മെറ്റ് മാറ്റി നോക്കിയപ്പോഴാണ് സമീപവാസിയായ യുവാവ് തന്നെയാണ് പ്രതിയെന്നു നാട്ടുകാര്‍ക്ക് മനസിലായത്.
മുന്നിലും പിന്നിലും വ്യാജനമ്പര്‍ എഴുതിവെച്ച വാഹനത്തിലാണ് യുവാവ് എത്തിയതെങ്കിലും നാട്ടുകാര്‍ പുറകെയെത്തിയതിനാല് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കൂടെയുണ്ടായിരുന്ന ആള് ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും താന്‍ ഒറ്റയ്ക്കാണ് കവര്ച്ചയ്ക്കെത്തിയതെന്നു യുവാവ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ മൊഴി പൂര്‍ണമായും ഉളിക്കല്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.






