
ഇടുക്കി: തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന അരിക്കൊമ്പന്‍ കേരളത്തിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയിലേക്ക് തിരിച്ചെത്തി. വ്യാഴാഴ്ച രാത്രിയോടെ ആന തമിഴ്‌നാട് ഭാഗത്തുനിന്നു കേരളത്തിലേക്ക് കടന്നു. കൊമ്പന്‍ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാന്‍ കേരള, തമിഴ്‌നാട് വനം വകുപ്പുകള്‍ നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞമാസം 29 നാണ് ചിന്നക്കനാലിലും പരിസരപ്രദേശങ്ങളിലും പേടിസ്വപ്നമായിരുന്ന അരിക്കൊമ്പനെ പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ മേദകാനത്തിന് സമീപത്തെ സീനിയറോടയില്‍ തുറന്നുവിട്ടത്.
നാലു ദിവസംകൊണ്ടു അരിക്കൊമ്പന്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വിനോടു ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച അരിക്കൊമ്പനെ കണ്ടിരുന്നു. കൂടാതെ, തമിഴ്‌നാട്ടിലെ മണലാര്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിവരെ അരിക്കൊമ്പന്‍ എത്തിയിരുന്നു. ആന തമിഴ്‌നാട്ടിലെ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാന്‍ മേഘമല റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം നീരിക്ഷണം ശക്തമാക്കിയിരുന്നു.
എന്നാല്‍, വ്യാഴാഴ്ച രാത്രിയോടെ കേരളത്തിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കടന്നതായി വനം വകുപ്പിനു സിഗ്‌നല്‍ ലഭിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഇടതൂര്‍ന്ന വനമേഖല ആയതിനാല്‍ ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിക്കാന്‍ തടസം നേരിട്ടേക്കുമെന്നു വനം വകുപ്പ് സൂചന നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം പുലര്‍ച്ചെയും അരിക്കൊമ്പനില്‍നിന്നുള്ള സിഗ്‌നല്‍ തടസപ്പെട്ടിരുന്നു. പിന്നീട് രാത്രിയോടെ സിഗ്‌നല്‍ കിട്ടിത്തുടങ്ങി. തേക്കടിയിലെ നിരീക്ഷണകേന്ദ്രത്തിലാണ് അരികൊമ്പനില്‍നിന്നുള്ള സിഗ്‌നല്‍ ലഭിക്കുന്നത്.
അരിക്കൊമ്പന്‍ വിലസിയത് ഇടതുകണ്ണിന്റെ കാഴ്ചയില്‍, വലതുകണ്ണിനു ഭാഗിക കാഴ്ച മാത്രം; തുമ്പിക്കൈയില്‍ മുറിവ്
അതേസമയം പെരിയാര്‍ വനത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തില്‍ ഇന്ന് ഉത്സവമാണ്. കഴിഞ്ഞദിവസം മംഗളാദേവി മലനിരകള്‍ക്കു സമീപത്തേക്ക് അരിക്കൊമ്പന്‍ എത്തിയിരുന്നു. ഉത്സവം പ്രമാണിച്ചു നിരവധി തീര്‍ഥാടകര്‍ എത്തുന്ന സാഹചര്യത്തില്‍ വനം വകുപ്പ് ഈ ഭാഗത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആന എത്തിയാല്‍ പടക്കം പൊട്ടിച്ച് ഓടിക്കാനുള്ള സംഘത്തെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.





