
മലപ്പുറം: മൂന്നാറില്‍നിന്ന് ബംഗളൂരുവിലേക്കുപോയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ കുത്തേറ്റ യുവതിയും ആക്രമിച്ച യുവാവും അടുപ്പത്തിലായിരുന്നുവെന്ന നിഗമനത്തില്‍ പോലീസ്. യുവതി മറ്റൊരു ബന്ധത്തിലേക്ക് നീങ്ങുന്നുവെന്ന സംശയമാണ് യുവാവിനെ അക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം.
സ്വയം കഴുത്തറത്ത യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൂഡല്ലൂര്‍ സ്വദേശി സീതയ്ക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച സനില്‍ (25) വയനാട് മൂലങ്കാവ് സ്വദേശിയാണ്. മലപ്പുറം ജില്ലയിലെ വെന്നിയൂരില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
സീത ആലുവയില്‍ ഹോം നഴ്‌സാണെന്നാണ് വിവരം. ഇവര്‍ അങ്കമാലിയില്‍ നിന്നും യുവാവ് മലപ്പുറം എടപ്പാളില്‍ നിന്നുമാണ് ബസില്‍ കയറിയത്. ഇരുവരുടെയും ടിക്കറ്റ് സുല്‍ത്താന്‍ ബത്തേരിയിലേക്കാണ്. യാത്രയുടെ തുടക്കത്തില്‍ ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ ഒരുമിച്ചായിരുന്നു ഇരുവരും ഇരുന്നിരുന്നത്. എന്നാല്‍ കോട്ടക്കലില്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ കയറിയതോടെ പിന്‍സീറ്റിലേക്ക് മാറുകയായിരുന്നു.
പരിക്കേറ്റ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരുംചേര്‍ന്ന് ആദ്യം തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇവരെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.
ബസ് ഇടയ്ക്കുവെച്ച് ഭക്ഷണം കഴിക്കാനായി നിര്‍ത്തിയശേഷം പുറപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ നെഞ്ചത്തു കുത്തിയശേഷം യുവാവ് ബസിന്റെ പിന്നിലേക്കുപോയി ആ കത്തികൊണ്ട് സ്വയം കഴുത്തറുക്കുകയായിരുന്നു.





