KeralaNEWS

പരീക്ഷാ നടത്തിപ്പിനെ വിമര്‍ശിച്ചു; വിരമിക്കുന്നതിന് തൊട്ടുമുമ്പ് അധ്യാപകന് പരസ്യശാസന

തിരുവനന്തപുരം: പരീക്ഷാനടത്തിപ്പിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ച അധ്യാപകന് വിദ്യാഭ്യാസവകുപ്പിന്റെ ശിക്ഷാനടപടി. പയ്യന്നൂര്‍ ഗവ. ഗേള്‍സ് എച്ച്എസ്എസിലെ മലയാളം അധ്യാപകനായ പി പ്രേമചന്ദ്രനെയാണ് പരസ്യശാസനയ്ക്ക് വിധിച്ചത്.

വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മുന്‍കൂട്ടി അറിയിക്കാതെ 2022ലെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലെ ഫോക്കസ് ഏരിയ സമ്പ്രദായത്തില്‍ മാറ്റം വരുത്തിയതിനെയാണ് പ്രേമചന്ദ്രന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുപരീക്ഷയിലെ ചോദ്യപേപ്പര്‍ ശില്പശാലയില്‍ ഫോക്കസ് വിഭാഗത്തില്‍നിന്ന് മാത്രം ചോദ്യം ഉണ്ടാകുമെന്ന തീരുമാനം ലംഘിച്ച് നോണ്‍ഫോക്കസ് വിഭാഗത്തില്‍നിന്ന് 30 മാര്‍ക്കിന്റെ ചോദ്യം ഉള്‍പ്പെടുത്തിയതിനെയാണ് പ്രേമചന്ദ്രന്‍ വിമര്‍ശിച്ചത്.

Signature-ad

അധ്യാപകന്റെ വിമര്‍ശനം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളര്‍ത്തിയെന്നും സര്‍ക്കാരിനെതിരേയുള്ള നീക്കമായിരുന്നുവെന്നുമാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. 1960-ലെ കേരളസര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ 60-എ ലംഘനത്തിന് ചാര്‍ജ്‌മെമ്മോ നല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനാല്‍ ശിക്ഷ നല്‍കുന്നതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഒരു വ്യക്തിക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും തന്റെ അക്കാദമിക് സേവനങ്ങള്‍ കണക്കിലെടുത്ത് ശിക്ഷാനടപടിയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രേമചന്ദ്രന്‍ മറുപടിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ അച്ചടക്കനടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. ഈ മാസം 31 നാണ് പ്രേമചന്ദ്രന്‍ സര്‍വിസില്‍നിന്ന് വിരമിക്കുന്നത്. 30 വര്‍ഷം സര്‍വീസുള്ള പ്രേമചന്ദ്രന്‍ 20 വര്‍ഷം കരിക്കുലം കമ്മിറ്റിയില്‍ അംഗമായിരുന്നു.

 

Back to top button
error: