കോട്ടയം: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ തുടരുന്നു. കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരന് മരിച്ച സംഭവത്തില്‍ പ്രതിയായ കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരനെ കണ്ടെത്താനാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇയാള്‍ സംസ്ഥാനം വിട്ടെന്നും കോയമ്പത്തൂരുണ്ടെന്നുമാണ് സൂചന. ഇയാളെ അന്വേഷിച്ച് കോയമ്പത്തൂരിലെത്തിയ പോലീസ് സംഘം തിരച്ചില്‍ തുടരുകയാണ്.
അതേസമയം, പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും യുവതി നല്കിയ പരാതി സ്റ്റേഷനില്‍നിന്ന് ചോര്‍ത്തി അരുണിന് നല്‍കിയെന്ന് ആരോപിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സംഭവം അറിഞ്ഞ് പോലീസ് സ്റ്റേഷനില്‍ എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, വൈക്കം എഎസ്പിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് പ്രതികളെ വിട്ടയച്ചത്.
സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നേരിട്ട കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരനെ (26) തിങ്കളാഴ്ച രാവിലെയാണു വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെയ്സ്ബുക്കില്‍ കുറിപ്പുകളും ചിത്രങ്ങളുമിട്ട് അപമാനിക്കുന്നതായി കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരനെതിരെ (32) ആതിര ഞായറാഴ്ച കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.