മുംബൈ: ശരദ് പവാര്‍ എന്‍.സി.പി. അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. അജിത് പവാര്‍ ബി.ജെ.പിയുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. പവാറിന്റെ ആത്മകഥ ‘ലോക് മസെ സംഗതി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ചാണ് അദ്ദേഹം നാടകീയമായി ഇക്കാര്യം അറിയിച്ചത്.
”എന്‍.സി.പിയുടെ അധ്യക്ഷ സ്ഥാനം ഞാന്‍ ഒഴിയുന്നു. ഇനി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇനി മൂന്ന് വര്‍ഷം കൂടി രാജ്യസഭാ കാലാവധി ബാക്കിയുണ്ട്. ഈ മൂന്ന് വര്‍ഷത്തില്‍ സംസ്ഥാനത്തേയും രാജ്യത്തേയും ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ശ്രദ്ധയൂന്നും. അധിക ചുമതലകളൊന്നും തന്നെ ഏറ്റെടുക്കില്ല. അധ്യക്ഷ പദവിയില്‍ നിന്നാണ് ഒഴിയുന്നത്, പൊതുജീവിതം അവസാനിപ്പിക്കില്ല” – പവാര്‍ പറഞ്ഞു.
ഞെട്ടലോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പവാറിന്റെ വാക്കുകള്‍ കേട്ടത്. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള പവാറിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പവാര്‍ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സദസില്‍ നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
1999-ല്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ അധ്യക്ഷ സ്ഥാനം വഹിച്ചത് ശരദ് പവാറാണ്. സേഹാദരപുത്രന്‍ അജിത് പവാറോ മകള്‍ സുപ്രിയ സുലെയോ രണ്ടില്‍ ഒരാള്‍ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സുപ്രിയ ആണോ താനാണോ അധ്യക്ഷസ്ഥാനത്തേക്ക് എന്ന് കമ്മിറ്റി തീരുമാനിക്കും എന്ന പ്രതികരണവുമായി അജിത് പവാര്‍ രംഗത്തെത്തി.