LocalNEWS

കൊതുകുകൾ പെരുകുന്നു; പകർച്ചവ്യാധി ഭീക്ഷണിയിൽ മലയോര മേഖല 

പത്തനംതിട്ട: മഴയും വെയിലും മാറി മാറി എത്തുന്നതോടെ മലയോര മേഖലയിൽ കൊതുകുകളുടെ സാന്ദ്രത വർധിക്കുന്നു.വൈറൽ പനി ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ കൂടുതൽ പകർച്ചവ്യാധികൾ ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്.റാന്നി ഉൾപ്പെടെ റബർ എസ്റ്റേറ്റുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന കിഴക്കൻ മലയോര മേഖലയിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം കൂടുതലായി കാണപ്പെടുന്നതാണ് കൊതുക് ശല്യം വർധിക്കാൻ കാരണം.
റബർ ചിരട്ടകളിൽ മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുകയാണ് പതിവ്. മഴക്കാല പൂർവ ശുചീകരണം പ്രധാന നഗരങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ ഗ്രാമ പ്രദേശങ്ങളുടെ ശുചീകരണം പലയിടങ്ങളിലും നടക്കുന്നില്ല.

വടശ്ശേരിക്കര, പെരുനാട് വെച്ചൂച്ചിറ, ചിറ്റാർ പ്രദേശങ്ങളിൽ ടൗണുകളിൽ ഉൾപ്പെടെ കൊതുക് ശല്യം വ്യാപകമാണ്.മുൻ കാലങ്ങളിൽ ഡെങ്കിപ്പനി ഉൾപ്പെടെ ആദ്യം റിപ്പോർട്ട് ചെയ്തത് മലയോര മേഖലയിലാണ്.പ്രദേശങ്ങളിൽ വൈറൽ പനി വ്യാപകമായിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ആശുപത്രികളിൽ ചികിത്സ തേടുന്നത്.

ലോകത്തിൽ ഏറ്റവും അധികം ആളുകളെ കടിച്ചു കൊല്ലുന്ന ജീവികൾ കൊതുകുകളാണ്.മറ്റ് മരണങ്ങളുടെ എണ്ണം കൊതുകു കാരണമുളള മരണങ്ങളുടെ ഒരു ശതമാനം പോലും വരികയില്ലെന്നാണ് വാസ്തവം. മലേറിയ, മന്ത്, ജപ്പാൻ ജ്വരം, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കണ്ടുവരുന്ന മഞ്ഞപ്പനി തുടങ്ങി  ‘സിക്ക’ (Zika) വരെ നീളുന്നതാണു കൊതുകുജന്യ രോഗങ്ങളുടെ ശൃംഖല.

Signature-ad

 

കൊതുകിന്റെ ശല്യം ഒഴിവാക്കാൻ അതിനെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുക എന്നതാണ് ശാസ്ത്രീയമായ മാർഗം. വീടുകളുടെ പരിസരങ്ങളിലും പുരയിടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. മഴമൂലം ടാപ്പിങ് നിലച്ച തോട്ടങ്ങളിൽ ചിരട്ടകളിൽ വെള്ളം കമഴ്ത്തിക്കളയുക തുടങ്ങിയ മുൻകരുതൽ സ്വീകരിച്ചാൽ കൊതുകുകൾ പെരുകുന്നത് ഒരുപരിധിവരെ ഒഴിവാക്കാൻ കഴിയും.എങ്കിലും പൊതുസ്ഥലങ്ങൾ, നിരത്തുകൾ, നീർത്തടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൊതുകുകൾ പെരുകുന്ന അവസ്ഥ തടയുന്നതിന് ഫോഗിങ് ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ക്രിയാത്മകമായ ഇടപെടൽ ആവശ്യമാണ്.

 

കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറക്കാന്‍ കഴിയുന്നതാണ്.സര്‍ക്കാര്‍ തലത്തിലോ പ്രാദേശിക തലത്തിലോ മാത്രം കൈകൊള്ളുന്ന നടപടികളിലൂടെ കൊതുക് നശീകരണം സാധ്യമാവില്ല.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയായി കാണുകകൂടി വേണം.

Back to top button
error: