കോട്ടയം:വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് പ്രഖ്യാപന സമയത്ത് അവകാശപ്പെട്ട സമയത്ത് ഓടിയെത്താനാകാത്തതിൽ വ്യാപക പ്രതിഷേധം.ഇരുപത് മിനിറ്റിലേറെയാണ് ട്രെയിൻ ദിവസവും വൈകുന്നത്.ഉയർന്ന ചാർജ്ജ് നൽകി ഇത്രയും സമയമെടുത്ത് യാത്ര ചെയ്യുന്നതിലെ പ്രായോഗികതയാണ് യാത്രക്കാർ ചോദ്യം ചെയ്യുന്നത്.
കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളള സ്റ്റോപുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ വന്ദേഭാരതിന് ഓടിയെത്താനാകുന്നില്ല. ഈ സ്റ്റേഷനുകളില്‍ നിശ്ചിത സമയത്തില്‍ നിന്ന് 20 മിനുറ്റ് വരെയാണ് ട്രെയിൻ വൈകുന്നത്.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് 6.07ന് കൊല്ലത്തെത്തണം. തിങ്കളാഴ്ച മൂന്ന് മിനുറ്റ് വൈകി 6.10നാണ് ട്രെയിനെത്തിയത്. മൂന്നു മിനുറ്റ് വൈകിയാണ് കോട്ടയത്തെത്തിയതും. 8.17ന് എറണാകുളത്ത് എത്തേണ്ട വന്ദേഭാരത് 12 മിനുറ്റ് വൈകി 8.29 നാണ് നോര്‍ത് സ്റ്റേഷനില്‍ നിര്‍ത്തിയത്. തൃശൂരില്‍ 9.22ന് എത്തേണ്ട ട്രെയിന്‍ 13 മിനുറ്റ് വൈകി 9.35നാണ് എത്തിയത്.
തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സമയ വ്യത്യാസം 7 മിനുറ്റായി കുറഞ്ഞു. 11.03ന് കോഴിക്കോട്ട് എത്തേണ്ട വന്ദേഭാരത് 11 മിനുറ്റ് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ താമസം 20 മിനുറ്റ് ആയി ഉയര്‍ന്നു.
അതേസമയം വിവിധയിടങ്ങളില്‍ ട്രാക് നവീകരണ ജോലികള്‍ നടക്കുന്നതിനാലുളള വേഗനിയന്ത്രണമാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.