CrimeNEWS

മൃതദേഹങ്ങളുടെ സ്വകാര്യഭാഗവും ആന്തരികാവയവങ്ങളും മുറിച്ചെടുത്തു വിറ്റു; യുവതിക്കും ഫേസ്ബുക്ക് ഫ്രണ്ടിനുമെതിരേ നടപടി

ലിറ്റില്‍റോക്ക് (യുഎസ്്): മോര്‍ച്ചറിയിലെ മൃതദേഹങ്ങളില്‍ നിന്ന് ആന്തരികാവയവങ്ങള്‍ അടക്കം ഫേസ്ബുക്ക് സുഹൃത്തിനു മറിച്ചു വിറ്റ യുവതിക്കെതിരെ നിയമനടപടിയുമായി കോടതി. യുഎസിലെ അര്‍ക്കന്‍സയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലെ മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച അവയവങ്ങളാണ് ഫേസ്ബുക്ക് സുഹൃത്തിന് യുവതി വിറ്റത്. സംഭവത്തില്‍ 11,000 ഡോളറിന്റെ (8,99,510.70 രൂപ) ഇടപാട് നടന്നെന്നാണ് കോടതി കണ്ടെത്തിയത്.

വിചിത്ര സാധനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ള ‘ഓഡിറ്റീസ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് യുവതി യുവാവിനെ ബന്ധപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാന്‍ഡിസ് ചാപ്മാന്‍ സ്‌കോട്ട് (36) ആണ് കേസിലെ പ്രതി. ഇവര്‍ ഇടപാടുകാരനായ യുവാവിന് 20 മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ വിറ്റെന്നാണ് കേസ്. മോഷണമുതല്‍ കൊറിയര്‍ ചെയ്തത് അടക്കം നിരവധി കേസുകളാണ് യുവതിയുടെ പേരിലുള്ളത്. മൃതദേഹത്തിലെ അവയവങ്ങള്‍ വാങ്ങിയ ജെറെമി ലീ പോളി എന്ന യുവാവിനെതിരേ വേറെയും കേസുകള്‍ ചുമത്തിയിട്ടുണ്ട്.

Signature-ad

അര്‍ക്കന്‍സ സെന്‍ട്രല്‍ മോര്‍ച്ചറി സര്‍വീസ് എന്ന ഫ്യൂണറല്‍ ഹോമില്‍ ജോലി ചെയ്തിരുന്ന കാന്‍ഡിസയ്ക്ക് മൃതദേഹങ്ങള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് അയയ്ക്കുന്നതിന്റെയും സംസ്‌കാരം ഏകോപിപ്പിക്കുന്നതിന്റെയുംചുമതലകളായിരുന്നു ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ എംബാമിങ് ചെയ്യുന്നത് അടക്കമുള്ള ജോലികളാണ് യുവതി ചെയ്തിരുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കിയിരുന്ന മൃതദേഹങ്ങള്‍ എംബാമിങ് ചെയ്യാനായി മെഡിക്കല്‍ സ്‌കൂള്‍ അയച്ചിരുന്നതും ഈ ഫ്യൂണറല്‍ ഹോമിലേയ്ക്കായിരുന്നു. എന്നാല്‍, 2021ല്‍ ജെറെമിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാന്‍ഡിസ മൃതദേഹഭാഗങ്ങള്‍ വില്‍ക്കാന്‍ ആരംഭിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദഹിപ്പിക്കാനായി മെഡിക്കല്‍ സ്‌കൂളില്‍ നിന്നു നല്‍കിയിരുന്ന മൃതദേഹങ്ങളിലെ അവയവങ്ങളായിരുന്നു യുവതി വിറ്റത്.

ഇതിനു മുന്‍കൈയെടുത്തത് കാന്‍ഡിസ തന്നെയായിരുന്നു എന്നാണ് കോടതിരേഖകള്‍ വ്യക്തമാക്കുന്നത്. യുവതി ഫേസ്ബുക്ക് ഗ്രൂപ്പിലിട്ട കുറിപ്പും ഇതിന് തെളിവാണ്. ”ആകാംക്ഷയുടെ പുറത്തു ചോദിക്കുകയാണ്. എംബാം ചെയ്ത ഒരു തലച്ചോറ് ആര്‍ക്കെങ്കിലും വേണ്ടതായി അറിയാമോ?”

ജെറെമിക്ക് ഈ ഇടപാടില്‍ താത്പര്യമുണ്ടെന്ന് അറിഞ്ഞതോടെ തുടര്‍ന്ന് ഒന്‍പതു മാസത്തോളം ഇരുവരും തമ്മില്‍ അവയവ കൈമാറ്റം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭ്രൂണങ്ങള്‍, തലച്ചോറ്, ഹൃദയം, ശ്വാസകോശം, ലൈംഗികാവയവങ്ങള്‍, ത്വക്കിന്റെ വലിയ കഷണങ്ങള്‍ തുടങ്ങിയവ യുവതി യുവാവിന് കൈമാറിയെന്നും പണം വാങ്ങിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു ഭ്രൂണത്തിനു മാത്രം വിലക്കിഴിവും നല്‍കി.

”രണ്ട് തലച്ചോറുകള്‍, അതിലൊന്ന് തലയോട്ടി സഹിതം, മൂന്ന് ഹൃദയങ്ങള്‍, രണ്ട് കൃത്രിമ സ്തനങ്ങള്‍, പൊക്കിളിന്റെ ഭാഗത്തെ തൊലി, രു കൈയ്യ്, ഒരു കഷണം ചര്‍മ്മം, ഒരു ശ്വാസകോശം” എന്നിവ വില്‍ക്കാനുണ്ടെന്നായിരുന്നു ഒരു സന്ദേശത്തില്‍ കാന്‍ഡിസ വ്യക്തമാക്കിയത്. 1600 ഡോളറാണ് ആവശ്യപ്പെട്ടതെങ്കിലും ജെറെമി നല്‍കിയത് ആയിരം ഡോളറായിരുന്നു. പേപാല്‍ വഴി നടത്തിയ ഇടപാടുകളിലൂടെ മൊത്തം 10,975 ഡോളറാണ് യുവതി സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിചാരണ കഴിയുംവരെ കാന്‍ഡിസയെ ജയിലില്‍ നിന്ന് പുറത്തു വിടരുതെന്നും ഇവര്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതിക്കെതിരെ വലിയ ജനരോഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, അപകടകാരിയല്ലാത്ത കുറ്റവാളിയാണെങ്കില്‍ രാജ്യം വിടാന്‍ സാധ്യതയില്ലെങ്കില്‍ ജാമ്യം നല്‍കണമെന്നാണ് യുഎസ് ഫെഡറല്‍ നിയമം വ്യക്തമാക്കുന്നത്. നിയമപ്രകാരം യുവതി പൊതുസമൂഹത്തിന് അപകടകാരിയല്ലെന്നും യുവതിക്ക് ജാമ്യം അനുവദിക്കാമെന്നുമാണ് കോടതിയുടെ നിലപാട്.

 

 

 

Back to top button
error: