സത്യൻ അന്തിക്കാടിന്റെ ‘പോക്കുവെയിലിലെ കുതിരകൾ’
ജീവിത കഥ
എം.കെ. ബിജു മുഹമ്മദ്
കേവലം രണ്ട് മണിക്കൂർ കൊണ്ട് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഈ രചന. ഒരു സത്യൻ അന്തിക്കാട് ചിത്രം കാണുന്ന രസാനുഭൂതിയാണ് ഈ പുസ്തകം പകർന്നത്.
19 അധ്യായങ്ങൾ. അനുബന്ധമായി സത്യൻ അന്തിക്കാടുമായി മാധ്യമപ്രവർത്തകൻ ശ്രീകാന്ത് കോട്ടക്കൽ നടത്തുന്ന അഭിമുഖവും,
ഉമ്മൻ ചാണ്ടിയുമായുള്ള സത്യൻ അന്തിക്കാടിന്റെ അഭിമുഖവും ചേർത്തിട്ടുണ്ട്.
ഞാനെന്ന ഭാവമില്ലാത്ത എഴുത്ത്. ഗ്രാമ്യമായ ഭാഷ, ലളിതം, സുന്ദരം.
എം.ടി, വി.കെ.എൻ, ശ്രീനിവാസൻ, ഇ.ശ്രീധരൻ, മോഹൻലാൽ , ഡോ. ബാലകൃഷ്ണൻ , മഞ്ജു വാര്യർ, നടൻ മധു (ഓർക്കുക മധു ,സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല) ഷീല, നയൻതാര എല്ലാവരും ഈ പുസ്തകത്തിൽ സത്യന്റെ തൂലികയുടെ വാങ്മയ ചിത്രങ്ങളാകുന്നു.
ശ്രീനിവാസനും, സത്യൻ അന്തിക്കാടുമായി നടത്തിയ കുടജാദ്രി യാത്രയും, അന്തിക്കാട് നിന്നും തൃശൂരിലേക്ക് സത്യൻ നടത്തിയിട്ടുള്ള സ്വകാര്യ ബസ് യാത്രാനുഭവങ്ങളും , മഞ്ജു വാര്യരുടെ അഭിനയം കാണാൻ ലോഹിതദാസ് ഷൊർണ്ണൂരിലേക്ക് വിളിച്ച് വരുത്തിയതും
ഈപുസ്തകത്തിൽ അനുഭവത്തിന്റെ ഉൾച്ചൂടിൽ പാകപ്പെടുത്തിയ അക്ഷരങ്ങളായി വായനക്കാരന്റെ മനസ്സിൽ നൃത്തം വെയ്ക്കുന്നു.
സത്യൻ അന്തിക്കാടിന് സത്യൻ എന്ന് പേരിടാൻ കാരണം നടൻ സത്യനോടുള്ള സത്യൻ അന്തിക്കാടിന്റെ ജേഷ്ഠൻ മോഹനന് തോന്നിയ ആരാധനയാണെന്നും സത്യൻ വെളിപ്പെടുത്തുന്നു. ആദ്യ കാലത്ത് ജീവിതത്തിലെ പ്രാരാബ്ദങ്ങളുടെ റീലുകൾ താണ്ടിയ അനുഭവങ്ങളും പറയുന്നുണ്ട്.
‘സന്ദേശം’ എന്ന സിനിമയിൽ അഭിനയിച്ചതിനും എഴുതിയതിനും ശ്രീനിവാസൻ ആകെ വാങ്ങിയ പ്രതിഫലം 80,000 രൂപ മാത്രമായിരുന്നു എന്ന് സത്യൻ പുസ്തകത്തിൽ പറയുന്നു. 3 ലക്ഷം രൂപ ചോദിച്ചാലും നിർമ്മാതാവ് ശ്രീനിക്കു നൽകുമായിരുന്ന കാലത്താണ് ഇതെന്നും സത്യൻ വിവരിക്കുന്നു …
നാടോടിക്കാറ്റും , ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും, സൻമനസ്സുള്ളവർക്ക് സമാധാനവും, പൊൻമുട്ടയിടുന്ന താറാവും തുടങ്ങിയ പണംവാരി പടങ്ങൾ റിലീസ് ചെയ്ത സമയത്ത് സത്യൻ സഞ്ചരിക്കാൻ ഒരു കാർ പോലും വാങ്ങിയിട്ടില്ല. അതിനു ശേഷമാണ് ഒരു മാരുതി കാർ വാങ്ങിച്ചതെന്നും സത്യൻ എഴുതുന്നു.
വി കെ.എന്നിന്റെ ‘പ്രേമവും വിവാഹവും’ എന്ന ചെറുകഥയാണ് അപ്പുണ്ണി എന്ന ചിത്രത്തിന്റെ പിറവിക്ക് പിന്നിൽ എന്ന് ഒരധ്യായത്തിൽ വിവരിക്കുന്നുണ്ട്.
പോക്കുവെയിലിലെ കുതിരകൾ കേവലം ഒരു പുസ്തകം മാത്രമല്ല മലയാള സിനിമ കടന്നുവന്ന അന്തിക്കാടൻ കാഴ്ചകളുടെ ചരിത്ര വൃത്താന്തമാണ്. സത്യൻ അന്തിക്കാടിന്റെ മനസ്സിലെ ആത്മബന്ധങ്ങളുടെ ഇഴയടുപ്പവുമാണ്.
പ്രസാധകർ: മാതൃഭൂമി ബുക്സ്
വില : 200
https://m.facebook.com/story.php?story_fbid=3395264527380240&id=100006901781717&mibextid=Nif5oz