മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ പ്രദർശനത്തിനെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. തമിഴ്നാട്ടിലെ നടപ്പ് വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിൻ സെൽവന്റേ’ത് എന്നും ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്നാട്ടിൽ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ കണക്കുകളും പുറത്തുവരുകയാണ്. വാരാന്ത്യത്തിലെ ആദ്യദിനത്തിൽ തന്നെ കളക്ഷനിൽ 50 കോടി കടക്കും’പൊന്നിയിൻ സെൽവൻ’ എന്നാണ് ആദ്യകണക്കുകൾ പറയുന്നത്.
രണ്ടാം ദിനത്തിൽ എല്ലാ ഭാഷകളിൽ നിന്നും 28-30 കോടി രൂപയാണ് പൊന്നിയിൻ സെൽവൻ 2 നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യദിനത്തിലെ കളക്ഷനിൽ നിന്നും മികച്ച വളർച്ച ചിത്രം ഉണ്ടാക്കിയെന്നാണ് ഇത് കാണിക്കുന്നത്. മൊത്തത്തിലുള്ള കളക്ഷൻ ഇപ്പോൾ 53-55 കോടി കടന്നുവെന്നാണ് കണക്കുകൾ. ഞായറാഴ്ച ചിത്രം 30 കോടിക്ക് മുകളിൽ നേടിയേക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിൽ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനിൽ ‘പൊന്നിയിൻ സെൽവൻ 2’ ഇടംപിടിച്ചിരിക്കുന്നത്. എന്തായാലും മണിരത്നം ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ കണക്കുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങൾ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിൻ സെൽവനിലൂടെ മണിരത്നത്തിൻറെ ഫ്രെയ്മിൽ. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റർ. രവി വർമ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷൻ ഡിസൈനർ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.