തിരുവനന്തപുരം: യാത്രാപ്രേമികൾ ഹൃദയത്തിലേറ്റിയ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ പുതിയ ഉല്ലാസ യാത്ര പാക്കേജിന് തയ്യാറെടുക്കുന്നു. കൊച്ചി കായല്‍പ്പരപ്പിലെ കാഴ്‌ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് യാത്രക്കാരെ കൊച്ചിയിലെത്തിച്ച് കായല്‍പ്പരപ്പിലൂടെ യാത്രയ്ക്കു വേണ്ട സൗകര്യങ്ങളാണ് പാക്കേജില്‍ ഒരുക്കുന്നത്.
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് പുറത്തിറക്കിയ കേരളത്തിലെ ആദ്യ സൗരോര്‍ജ ടൂറിസ്റ്റ് വെസല്‍ ‘സൂര്യാംശു’ എന്ന ഡബിള്‍ ഡക്കര്‍ യാനത്തില്‍ യാത്ര ചെയ്‌ത് കാഴ്‌ചകള്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് ഈ പാക്കേജില്‍ ഒരുക്കിയിരിക്കുന്നത്. നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രയ്ക്ക് സമാനമായ പാക്കേജ് ആണിത്.
ആദ്യഘട്ടത്തില്‍ പാല, ആറ്റിങ്ങല്‍, മലപ്പുറം, നെയ്യാറ്റിന്‍കര, തിരുവല്ല, വെഞ്ഞാറമൂട്, കരുനാഗപ്പള്ളി, കിളിമാനൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നാണ് ഈ ഉല്ലാസയാത്ര പാക്കേജ് നടത്തുന്നത്.രാവിലെ 9.30ന് എറണാകുളത്ത് എത്തുന്ന തരത്തിലാണ് യാത്ര ആരംഭിക്കുന്നത്. കൃത്യം 10 മണിക്ക് മറൈന്‍ഡ്രൈവില്‍ നിന്ന് യാത്രക്കാരെ ‘സൂര്യാംശു’ ഡബിള്‍ ഡക്കര്‍ യാനത്തിലേക്ക് പ്രവേശിപ്പിക്കും ചായക്കും ലഘുഭക്ഷണത്തിനും ശേഷം കൊച്ചി കായലിന്‍റെ വശ്യമനോഹാരിത ആസ്വദിച്ചു യാത്ര ചെയ്യാം.
തുടര്‍ന്ന് ഉച്ചയോടെ ഞാറയ്ക്കലെത്തും. ഇവിടെ മത്സ്യഫെഡിന്‍റെ അക്വാ ഫാമിലാണ് ഉച്ചയൂണ്.കയാക്കിംഗ്, കുട്ട വഞ്ചി യാത്ര, ഫിഷിംഗ് എന്നിവ നടത്തുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് കായല്‍ ഭംഗി ആസ്വദിച്ച് നാലരയോടെ തിരിച്ചെത്തുന്ന വിധമാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്.
ബസ് ചാര്‍ജ് കൂടാതെ ഒരാള്‍ക്ക് 999 രൂപയാണ് നിരക്ക് ഈടാക്കുന്നത്. 3.95 കോടി രൂപ ചെലവിലാണ് സൂര്യാംശു നിര്‍മിച്ചിരിക്കുന്നത്. കഫെറ്റീരിയ, ഡി ജെ പാര്‍ട്ടി ഫ്‌ലോര്‍, ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയടങ്ങിയ സൂര്യാംശുവില്‍ ഒരേ സമയം 100 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. സൂര്യാംശു വേഗത്തില്‍ സഞ്ചരിക്കുന്നതിനായി ഇരട്ട ‘ഹള്‍’ ഉള്ള ആധുനിക കറ്റമരന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.