KeralaNEWS

നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു

കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയെത്തിയത്. മാമുക്കോയയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.

ഔദ്യോഗിക പരിപാടികളുമായി മുഖ്യമന്ത്രി ഇന്ന് ജില്ലയിലുണ്ട്. മാമുക്കോയയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രിയ നടന്റെ അന്ത്യം. നടന നാട്യങ്ങളൊന്നുമില്ലാതെ, കോഴിക്കോടന്‍ ഭാഷയുടെ സൗന്ദര്യം കൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികള്‍ കൊണ്ടും സ്‌ക്രീനിനെ ത്രസിപ്പിച്ചു നിര്‍ത്തിയ പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിനാണ് അന്ത്യമായത്. മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

Signature-ad

മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന സംവിധായകന്‍ വി.എം വിനുവിന്റെ പരാമര്‍ശം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍, താരങ്ങള്‍ വരാത്തതില്‍ പരാതിയില്ലെന്ന് മാമുക്കോയയുടെ മക്കള്‍ പറഞ്ഞു. വിദേശത്തുള്ള മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി പോകുന്നതിനോട് ഉപ്പാക്കും താല്പര്യമുണ്ടായിരുന്നില്ല. അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണെന്നും മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുല്‍ റഷീദും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: