LocalNEWS

ഗള്‍ഫിലെ വ്യാപാരി ഗഫൂര്‍ ഹാജിയുടെ ‘സ്വാഭാവിക മരണം’ കൊലപാതകമെന്നു തെളിയുമോ…? മരണണത്തിനു പിന്നിലെ ദുരൂഹതയുടെ ചുരുളഴിച്ച് പൊലീസ്, സ്വര്‍ണം ഇരട്ടിപ്പിക്കല്‍ സംഘത്തിന് ബന്ധമെന്ന് സൂചന

    കാഞ്ഞങ്ങാടിനടുത്ത് പൂച്ചക്കാട് സ്വദേശിയായ ഗള്‍ഫ് വ്യാപാരി എംസി ഗഫൂര്‍ ഹാജിയുടെ മരണം സംബന്ധിച്ച് പ്രദേശത്തെങ്ങും പലവിധ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ മരണത്തിന് പിന്നില്‍ സ്വര്‍ണം ഇരട്ടിപ്പിക്കല്‍ സംഘത്തിന് ബന്ധമുണ്ടെന്ന സൂചന പുറത്തുവരുന്നു. നല്‍കുന്ന സ്വര്‍ണത്തിന് ഇരട്ടി സ്വര്‍ണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് സംഘം ഗള്‍ഫ് വ്യാപാരി ഗഫൂറിന്റെ 612 പവൻ സ്വര്‍ണം സൂത്രത്തില്‍ തട്ടിയെടുത്തുവത്രേ.

ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ 350 ഓളം പവന്‍ സ്വര്‍ണം  ഉണ്ടായിരുന്നതായും ബാക്കിയുള്ള സ്വര്‍ണം അടുത്ത ബന്ധുക്കളില്‍ നിന്നും വാങ്ങുകയായിരുന്നു എന്നുമാണ് വിവരം. ഏപ്രില്‍ 13ന് ലൈലതുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന ദിനമാണെന്നും സക്കാത്ത് വാങ്ങാനും മറ്റുമായി ആളുകള്‍ വരുമെന്നും പറഞ്ഞ് ഗഫൂര്‍ ഹാജി തന്നെയാണ് ഭാര്യയെയും മകളെയും മേല്‍പറമ്പിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ കൊണ്ടുവിട്ടത്. അവിടെ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ തിരിച്ചെത്തി. അന്ന് വൈകുന്നേരം 4.15 മണിയോടെ ഗഫൂര്‍ ഹാജി പൂച്ചക്കാട്ടെ പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയതും മടങ്ങിപോവുന്നതും മദ്രസയിലെ സിസിടിവിയില്‍ കണ്ടെത്തിയിട്ടുണ്ട്.

Signature-ad

ആ ദിവസം തന്നെ വൈകീട്ട് 5.30ന് മുസ്ലിം ലീഗിന്റെ റമദാന്‍ റിലീഫിന് പിരിവ് ചോദിച്ച് നേതാക്കള്‍ ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ എത്തിയിരുന്നു. ചെരിപ്പും കാറും കണ്ടെത്തിയതിനാല്‍ കോളിംഗ് ബെല്‍ അടിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ പുറത്താണെന്നും 2000 രൂപ പിരിവ് എഴുതിക്കോളൂ, പണം എത്തിക്കാമെന്നും അറിയിച്ചു. ഈ സമയത്തെല്ലാം ഗഫൂര്‍ ഹാജി വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന സംശയമാണ് പിരിവിന് എത്തിയവരും പ്രകടിപ്പിക്കുന്നത്.

വൈകുന്നേരം ആറ് മണിയോടെ തറവാട് വീട്ടിലെ ബന്ധുവായ കുട്ടി ജൂസും നോമ്പ് തുറ വിഭവങ്ങളുമായി ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ വന്നു. ബെല്‍ അടിച്ചിട്ടും വാതില്‍ തുറന്നിരുന്നില്ല. കുളിമുറിയില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടിരുന്നതിനാലും എസി ഓൺ ആയിരുന്നത് കൊണ്ടും ഗഫൂര്‍ ഹാജി അകത്തുണ്ടെന്ന് കരുതി കുട്ടി ജൂസും വിഭവങ്ങളും വരാന്തയില്‍ വെച്ച് പോവുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ അത്താഴത്തിന് ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ ആളനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ ചാരിയത് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അടച്ചിരുന്നില്ല.

തലേന്ന് തറവാട് വീട്ടില്‍ നിന്നും കൊടുത്തയച്ച ജൂസും മറ്റ് സാധനങ്ങളും കഴിക്കാതെ മേശപ്പുറത്ത് എടുത്തുവെച്ച നിലയിലായിരുന്നു. ഗഫൂര്‍ ഹാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ബെഡില്‍ ആയിരുന്നില്ല. താഴെ നിലത്ത്, പുതയ്ക്കാന്‍ ഉപയോഗിക്കുന്ന കോതടിയില്‍ കിടന്ന നിലയിലായിരുന്നു. മുറി അകത്ത് നിന്ന് പൂട്ടാതെ ഇദ്ദേഹം കിടന്ന് എന്നതിലും തലേന്നാള്‍ തറവാട് വീട്ടില്‍ നിന്നും കൊടുത്തയച്ച നോമ്പ് തുറ വിഭവങ്ങള്‍ കഴിക്കാതിരുന്നതും സംശയം ജനിപ്പിക്കുന്നു. സാധാരണ ബെഡില്‍ കിടക്കാറുള്ള ഇദ്ദേഹം താഴെ കോതടിയില്‍ കിടന്നിരുന്നതിലും ദുരൂഹത ഇരട്ടിപ്പിച്ചിട്ടുണ്ട്.

ഹൃദായാഘാതമെന്ന് കരുതിയാണ് പൊലീസില്‍ അറിയിക്കാതെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഗഫൂര്‍ ഹാജിയുടെ മൃതദേഹം ഖബറടക്കിയത്. വെളുത്ത ശരീരമായിരുന്നത് കൊണ്ട് ഗഫൂര്‍ ഹാജിയുടെ മുഖത്തും ശരീരത്തിലും നീല നിറം പെട്ടെന്ന് കാണാവുന്ന നിലയിലായിരുന്നു എന്ന് മൃതദേഹം കണ്ട ചിലരും പറയുന്നു. സംശയങ്ങളുടെ നീണ്ട നിരതന്നെയാണ് ഗഫൂര്‍ ഹാജിയുടെ മരണത്തിനു പിന്നിൽ  ഉയരുന്നത്.

ദുബൈയിലും ഷാര്‍ജയിലുമായി നാല് സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉടമയാണ് ഗഫൂര്‍ ഹാജി. ബിസിനസ് പങ്കാളികളായ മകനും സഹോദരങ്ങളും മരണ സമയത്ത് യുഎഇയിലായിരുന്നു. ഖബറടക്കിയതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം കാണാതായ വിവരം അറിഞ്ഞത്. മകള്‍ ഉമ്മു കുല്‍സൂം, മരുമക്കള്‍, സഹോദരി എന്നിവരില്‍ നിന്നായി ഗഫൂര്‍ ഹാജി 4.9 കിലോഗ്രാം ആഭരണങ്ങള്‍ കടം വാങ്ങിയിരുന്നു. 2.85 കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് വീട്ടില്‍ നിന്ന് കാണാതായത്.

അതിനിടെ, ഗഫൂര്‍ ഹാജിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും ആരോപണം ഉന്നയിക്കുന്ന മന്ത്രവാദിനിയുമായുള്ള ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗഫൂര്‍ ഹാജിക്ക് ബേക്കലില്‍ അപ്പാർട്ട്മെന്റ് ഉണ്ട്. ഇടയ്ക്കിടെ അവിടെയും അദ്ദേഹം തങ്ങാറുണ്ടായിരുന്നു. വീട്ടില്‍ സിസിടിവി കാമറ സ്ഥാപിച്ചിരുന്നെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തതിലെ തകരാര്‍ മൂലം പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണ് വിവരം.

പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൂച്ചക്കാട്ടേക്കുള്ള റോഡിന് അരികിലാണ് ഗഫൂര്‍ ഹാജിയുടെ വീട്. വീടിന്റെ രണ്ട് ഭാഗത്തും റോഡുണ്ടെങ്കിലും വീടുള്‍പ്പെടുന്ന 50 സെന്റ് സ്ഥലത്ത് തെങ്ങുകളും മറ്റ് മരങ്ങളും ചെടികളും ഉള്ളത് കൊണ്ട് ആളുകള്‍ വന്നുപോകുന്നത് പുറത്തുള്ളവരുടെ ശ്രദ്ധയില്‍ പെടാറില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്  പുറത്തുവരുമ്പോൾ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ രാവിലെയാണ് മൃതദേഹം പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നും പുറത്തെടുത്തത്. ഖബറടക്കിയ സ്ഥലത്ത് വലിയ ടെന്റ് കെട്ടിയായിരുന്നു പോസ്റ്റുമോര്‍ട്ടം. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ കൂടിയായ സബ് കലക്ടര്‍ സൂഫിയാന്‍ അലി അഹമ്മദ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍ ഡോ. എസ്. ആര്‍ ആതിരയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. രണ്ട് മണിക്കൂര്‍ നീണ്ട പരിശോധനക്ക് ശേഷം അതേ ഖബറിടത്തില്‍ മൃതദേഹം മറവ് ചെയ്തു. ശരീരത്തില്‍ നിന്നെടുത്ത ഒന്നിലേറെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതിന്റെ ഫലം കൂടി വന്നാലേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ.

Back to top button
error: