എറണാകുളം: കലൂരിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍. ഏപ്രില്‍ 24-നാണ് ചേരാനെല്ലൂര്‍ സ്വദേശി ഒഴുക്കത്തുപറമ്പില്‍ സാബുവിന്റെ മകള്‍ അനഘലക്ഷ്മി (23) യെ ഭര്‍ത്താവായ കലൂര്‍ തറേപ്പറമ്പില്‍ രാകേഷിന്റെ (അപ്പു) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. നാലു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
നാലു വര്‍ഷം നീണ്ട പ്രണയത്തെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരായത്. രാകേഷ് ലഹരിമരുന്നിന് അടിമയായിരുന്നെന്നും മകളെ പലപ്പോഴും മര്‍ദിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. രാത്രിയാത്രകളില്‍ നിര്‍ബന്ധിച്ച് അനഘയെ കൂടെ കൂട്ടാറുണ്ടെന്നും മയക്കുമരുന്നു കച്ചവടത്തിനായി ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയതായും ബന്ധുക്കള്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
അനഘ മരിച്ച വിവരം മറ്റെല്ലാവരെയും അറിയിച്ചിട്ടും വളരെ വൈകി മാത്രമാണ് വീട്ടില്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് അനഘയുടെ അച്ഛന്‍ സാബുവും അമ്മ സുഗന്ധിയും പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാകേഷിനെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും നിസ്സാര വകുപ്പുകള്‍ ചുമത്തി അന്നുതന്നെ വിട്ടയയ്ക്കുകയാണുണ്ടായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.