കൊല്ലം: ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലമായ തങ്കശ്ശേരിയിൽ നിർമ്മിച്ച ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക് സന്ദർശകർക്കായി തുറന്നു കൊടുത്തു.കടലിന്റെ പശ്ചാത്തലത്തിൽ അഞ്ചരക്കോടി രൂപ ചെലവഴിച്ച് ടൂറിസം
വകുപ്പാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
തങ്കശ്ശേരി ലൈറ്റ് ഹൗസിനു സമീപം ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കർ ഭൂമിയിലാണ് നിർമ്മാണം.പുലിമുട്ട് വേർതിരിക്കുന്ന കടലിന്റെ ഭാഗത്തെ നോക്കിയാണ് പാർക്കിന്റെ രൂപകൽപന.ഒരു ഭാഗത്ത് ശാന്തമായ കടലും മറുഭാഗത്ത് തിരയടിക്കുന്ന കടലുമാണുള്ളത്.നാനൂറോളം പേർക്ക് ഇരിക്കാൻ കഴിയുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, കടൽ ഭംഗി ആസ്വദിക്കാനുള്ള വ്യൂ ടവർ, കടലിന് അഭിമുഖമായുള്ള ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്ക്, കിയോസ്കുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയെല്ലാം പാർക്കിനോട് അനുബന്ധിച്ചു തയാറാക്കിയിട്ടുണ്ട്.
തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിലേക്കുള്ള പ്രവേശനം ഈ മാസം സൗജന്യമായിരിക്കും. അടുത്ത മാസം 10 രൂപയായിരിക്കും പാർക്കിലേക്കുള്ള പ്രവേശന ഫീ. പിന്നീട് നിരക്ക് ഉയർത്തിയേക്കും. ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയാണ് പ്രവേശന സമയമായി നിശ്ചയിച്ചിരിക്കുന്നത്.