ഇടുക്കി: അമ്മയുടെ ക്രൂരമായ മര്‍ദനത്തില്‍ പരുക്കേറ്റ 8 വയസ്സുകാരിയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യില്‍ ചതവുകളുമുണ്ട്. തന്റെ മകള്‍, കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട വല്യമ്മ വിവരം പോലീസില്‍ അറിയിച്ചതോടെ യുവതി (28) ജീവനൊടുക്കാന്‍ ശ്രമിച്ചു. ഷാളില്‍ കെട്ടിത്തൂങ്ങിയ യുവതിയെ ഷാള്‍ അറുത്തുമാറ്റി രക്ഷപ്പെടുത്തിയതു കമ്പംമെട്ട് പൊലീസെത്തിയാണ്. സമീപം കുട്ടികള്‍ക്കായി 2 ഷാളുകളും കുരുക്കിട്ടു കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി.
യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണു പരുക്കേറ്റത്. രണ്ടാമത്തെ വിവാഹത്തില്‍ ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണു ഭര്‍ത്താവുമായി കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ വല്യമ്മ ഹോസ്റ്റലില്‍ നിര്‍ത്തിയാണു പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും വല്യമ്മയ്ക്കും ഒപ്പം നില്‍ക്കാനാണ് 8 വയസ്സുകാരി ഹോസ്റ്റലില്‍ നിന്നെത്തിയത്. ഇന്നലെ രാവിലെ 8 വയസ്സുകാരിയെ യുവതി വഴക്കുപറയുന്നതു വല്യമ്മ കേട്ടു. വഴക്കു പറയരുതെന്ന് മകളോട് ആവശ്യപ്പെട്ടപ്പോള്‍ യുവതി കുട്ടിയെ ആക്രമിച്ചെന്നാണു വല്യമ്മ പറയുന്നത്. അമ്മയെയും യുവതി ആക്രമിച്ചെന്നു പോലീസ് പറഞ്ഞു.