KeralaNEWS

സുപ്രീംകോടതി ജാമ്യം  നല്‍കി, പക്ഷേ മദനിയുടെ വീട്ടിലേയ്ക്കുള്ള  വരവിന് ഇടങ്കോലിട്ട് കർണാടക  പൊലീസ്; അന്‍വാര്‍ശേരിയില്‍  ഉദ്യോഗസ്ഥർ പരിശോധന നടത്തി

       അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ട് ദിവസങ്ങളായി. കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. ആരോഗ്യം മോശമായ പിതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകണം എന്നായിരുന്നു ആവശ്യം. മാത്രമല്ല മദനിയുടെയും ആരോഗ്യ നില പരിതാപകരമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വൃക്ക രോഗം, കടുത്ത പ്രമേഹം, കാഴ്ച വെല്ലുവിളി, എന്നിവയോടൊപ്പം കരള്‍ മാറ്റി വെക്കേണ്ടി വന്നാല്‍ ദാതാവിനെ കണ്ടെത്തണം. ഇതൊക്കെ കര്‍ണാടകയില്‍ താമസിച്ചാല്‍ അസാദ്ധ്യമാണെന്നും മദനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബൽ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.

രണ്ടു മാസത്തെ ജാമ്യം അനുവദിച്ച സുപ്രീം കോടതി കര്‍ണാടക പോലീസിന്റെ നിരീക്ഷണം മദനിക്ക് മേലുണ്ടാകുമെന്നും സൂചിപ്പിച്ചു.

പക്ഷേ അബ്ദുൾ നാസർ മദനിയുടെ കേരളയാത്ര സാങ്കേതിക കാരണങ്ങളാൽ ഇപ്പോഴും വൈകുകയാണ്. കൊല്ലം അൻവാര്‍ശേരിയിലെ വീട്ടിൽ
കർണാടകയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തി. അദ്ദേഹം കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. കർണാടകയിലെ സുരക്ഷ ചുമതയുള്ള ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാര്‍ശേരിയിലെത്തിയത്. മദനിയുടെ വീട്, പിതാവ് താമസിക്കുന്ന വീട്, ഉമ്മയുടെ ഖബർ എന്നിവിടങ്ങിലെ സുരക്ഷ വിലയിരുത്തി. സംഘം മദനിയുടെ എറണാകുളത്തെ വീടും സന്ദർശിക്കും. ഐ.ജി യതീഷ് ചന്ദ്രയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും മദനിയുടെ കേരളത്തിലേക്കുള്ള യാത്രാ തീയതി സംബന്ധിച്ച് തീരുമാനമെടുക്കുക.

അതിനിടെ അബ്ദുൾ നാസിർ മദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു. 2 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
യാത്രാ ക്രമീകരണങ്ങൾ, ചികിത്സ, സുരക്ഷ ‍ഉള്‍പ്പടെയുള്ള കാര്യങ്ങൾ ഇവ മുഖ്യമന്ത്രിയോട് സംസാരിച്ചതായി പിഡിപി നേതാക്കള്‍ അറിയിച്ചു.

ഇതിനിടെ മദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനുമായി സാമ്പത്തിക സമാഹരണം നടത്താനൊരുങ്ങുകയാണ് മുസ്ലീം സംഘടനകൾ. റമദാൻ മാസത്തിലെ സാമ്പത്തിക സമാഹരണത്തിലൂടെയാണ് ഇതിനു വേണ്ട ചെലവുകൾ കണ്ടെത്തുന്നത്. മദനിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ രംഗത്തെത്തി.

Back to top button
error: