ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളിലേക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ മുഹമ്മദ് യൂസഫ് സാവന്നൂർ മത്സരിക്കും. ജഗദീഷ് ഷെട്ടാറിന്റേയും സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്. 13ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
ഷെട്ടാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. കോൺഗ്രസ് നേതാവ് എസ് എസ് മല്ലികാർജുന്റെ വീട്ടിൽ വച്ച് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രൺദീപ് സുർജെവാലയും മറ്റ് മുതിർന്ന നേതാക്കളും ഷെട്ടറുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. തുടർന്നാണ് കോൺഗ്രസിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ രോഷാകുലനായാണ് ഷെട്ടർ പാർട്ടി വിട്ടത്. 67-കാരനായ ഷെട്ടറിന് രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് തനിക്ക് എംഎൽഎ സീറ്റ് തന്നെ വേണമെന്ന നിർബന്ധത്തിൽ ഷെട്ടർ പാർട്ടി വിടാൻ തീരുമാനിച്ചത്.