IndiaNEWS

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞു വയ്ക്കുന്ന ഗവര്‍ണർരാജിനെതിരെ കേരളവും തമിഴ്‌നാടും യോജിച്ച പോരാട്ടത്തിന്

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ അകാരണമായി തടഞ്ഞു വയ്ക്കുന്ന ഗവര്‍ണര്‍മാരുടെ ഭരണഘടനാ വിരുദ്ധനടപടിയെ ചോദ്യം ചെയ്യുന്നതിന് യോജിച്ച പോര്‍മുഖം തുറന്ന് കേരളവും തമിഴ്‌നാടും.

ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തുന്ന ഗവര്‍ണര്‍മാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാന്‍ കേരളം എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉറപ്പ് നല്‍കി.

Signature-ad

യോജിച്ച പോരാട്ടത്തിന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലില്‍ അയച്ച കത്തിന് മറുപടിയായിട്ടാണ് പോരാട്ടത്തില്‍ തമിഴ്‌നാടിനൊപ്പം പങ്കു ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.

ഇന്‍ഡ്യന്‍ ജനാധിപത്യം എത്തി നില്‍ക്കുന്ന സന്നിഗ്ദമായ വഴിത്തിരിവിനെ ഓര്‍മിപ്പിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി തമിഴ്‌നാട് നിയമസഭ പാസാക്കിയ നിയമത്തെ സംബന്ധിച്ച് ഗവര്‍ണര്‍ ആരാഞ്ഞ എല്ലാ വിശദീകരണവും നല്‍കിയ ശേഷവും ഒപ്പിടാതെ തടഞ്ഞു വെച്ചിരിക്കുന്ന കാര്യം എം.കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ നേരിടുന്ന സമാനമായ ദുരോഗ്യം രാജ്യത്തെ പല സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി കത്തില്‍ പറയുന്നുണ്ട്.

നിയമസഭ പാസാക്കുന്ന നിയമങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഒപ്പിടുന്നതിന് സമയക്രമം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പോരാട്ടം ആരംഭിച്ചതായി എം.കെ സ്റ്റാലിന്‍ അറിയിച്ചു. ഈ ആവശ്യം മുന്‍നിര്‍ത്തി കഴിഞ്ഞ ഏപ്രില്‍ 10-ന് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിനും രാഷ്ട്രപതിക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിന്റെ പ്രസക്തി മുന്‍ നിര്‍ത്തി സമാനമായ പ്രമേയം കേരള നിയമസഭയും പാസാക്കുമെന്ന പ്രത്യാശയും സ്റ്റാലിന്‍ പങ്ക് വെയ്ക്കുന്നുണ്ട്. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയം കൂടി ഉള്‍പെടുത്തിയ കത്താണ് എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിക്ക് അയച്ചത്.

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചു വെയ്ക്കുന്ന ഗവര്‍ണര്‍മാരുടെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരായ പോരാട്ടത്തില്‍ കേരളം വിശ്വസ്തമായ സഖ്യകക്ഷിയായി കൂടെയുണ്ടാകുമെന്ന് പിണറായി വിജയന്‍ അയച്ച മറുപടി കത്തില്‍ ഉറപ്പ് നല്‍കി. സമീപകാലത്ത് സമാനമായ ഗവര്‍ണറുടെ നടപടിക്ക് കേരളവും സാക്ഷിയാണ്.

ഗവര്‍ണര്‍ ആരാഞ്ഞ സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി മന്ത്രിമാരും, ഉദ്യോഗസ്ഥരും നേരിട്ടെത്തി വിശദീകരിച്ച ശേഷവും ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ പിടിച്ചു വെച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാരുടെ അവകാശ അധികാരങ്ങളെ ഭരണഘടന ക്യത്യമായ വിവക്ഷ നല്‍കുന്നുണ്ട്.

ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരുകളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും സ്റ്റാലിന്റെ ആവശ്യങ്ങള്‍ കേരളം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി

Back to top button
error: