തിരുവനന്തപുരത്തു നിന്നു കണ്ണൂരിൽ എത്താൻ വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന് 7 മണിക്കൂര്‍ 10 മിനിറ്റ് വേണ്ടി വന്നു. ഇതേ റൂട്ടിലെ വേഗമേറിയ ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് ലാഭം. എന്നാൽ വന്ദേഭാരതിന്റെ സമയം തെറ്റാതിരിക്കാൻ പല പ്രതിദിന സര്‍വീസുകളും വൈകിപ്പിച്ചു. രാവിലെ 5 മണിക്ക് പുറപ്പെട്ട വേണാടിന്റെയും വന്ദേഭാരതിന് ശേഷം പുറപ്പെട്ട ജനശതാബ്ദിയുടേയും സമയക്രമത്തെ പലയിടങ്ങളിലായി ട്രയല്‍ റണ്‍ ബാധിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍നിന്ന് കൃത്യം 5.10 ന് വന്ദേഭാരത് യാത്ര തുടങ്ങി. കൊല്ലത്തെത്തിയത് 5.59ന്. 49 മിനിറ്റ് സമയം. കോട്ടയത്ത് എത്താൻ 2 മണിക്കൂര്‍ 17 മിനിറ്റും എറണാകുളത്ത് 3 മണിക്കൂര്‍ 18 മിനിറ്റും കോഴിക്കോട് കടക്കാന്‍ 6 മണിക്കൂര്‍ 8 മിനിറ്റുമാണ് വേണ്ടി വന്നത്. തിരുവനന്തപുരം കണ്ണൂര്‍ റൂട്ടിലോടുന്ന ജനശതാബ്ദിക്ക് കോട്ടയമെത്താന്‍ 2 മണിക്കൂര്‍ 45 മിനിറ്റ് ആണ് വേണ്ടത്. എറണാകുളമെത്താന്‍ 4 മണിക്കൂര്‍ 10 മിനിറ്റും കോഴിക്കോട് എത്താന്‍ 7 മണിക്കൂര്‍ 50 മിനിറ്റും വേണം.
എന്നാൽ വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം മൂലം പതിവ് ട്രെയിനുകളുടെ സമയക്രമം താളം തെറ്റി. വന്ദേഭാരതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ജനശതാബ്ദിയുടെ സമയത്തേയും ബാധിച്ചു. 10.33ന് തൃശൂര്‍ എത്തേണ്ട ജനശതാബ്ദി എത്തിയത് 10.50ന് ആയിരുന്നു. വന്ദേഭാരതിന്റെ വരവ് പാലരുവി എക്‌സപ്രസിന്റെ വേഗം കുറച്ചു. തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സപ്രസ് കോട്ടയത്ത് എത്തേണ്ടത് 7.05നായിരുന്നു. എന്നാല്‍ പാലരുവി എക്‌സ്പ്രസ് എത്തിയത് വന്ദേഭാരത് സ്റ്റേഷന്‍ വിട്ട ശേഷം 7.35ന്. എറണാകുളം ബംഗലൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് പുറപ്പെടേണ്ടത് 9.05നായിരുന്നു. വന്ദേഭാരതിനായി വഴിയൊരുക്കിയപ്പോള്‍ ട്രെയിന്‍ യാത്രപുറപ്പെട്ടത് 9.25നാണ്.
വേണാട് തൃശൂര്‍ എത്തേണ്ടത് 11.35നായിരുന്നു എന്നാല്‍ എത്തിയത് 12.05നായിരുന്നു. ഇത്രയും ട്രെയിനുകള്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടും വൈകിപ്പിച്ചുമാണ് വന്ദേഭാരത് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയത്. ഇനി ടൈം ടേബിള്‍ അനുസരിച്ച് വന്ദേഭാരത് ഓടി തുടങ്ങുമ്പോള്‍ ഒന്നുകില്‍ വേഗം ഇനിയും കുറയും അതല്ലെങ്കില്‍ മറ്റു ട്രെയിനുകളുടെ സമയക്രമം തെറ്റും. അന്‍പതു മിനിട്ടാണ് വന്ദേഭാരതിന് തിരുവനന്തപുരം-കൊല്ലം യാത്രയ്ക്ക് വേണ്ടിവന്നത്. ഇതേസമയം കൊണ്ട് കൊല്ലത്ത് ഓടിയെത്തുന്ന നാലോളം ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.
വന്ദേഭാരത് കേരളത്തില്‍ പ്രായോഗികമല്ലെന്നും വിഢിത്തമെന്നും മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എംഡി ഇ ശ്രീധരന്‍. 160 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ശേഷിയുള്ളതാണ് വന്ദേഭാരത് ട്രെയിനുകള്‍. കേരളത്തില്‍ നിലവിലുള്ള ട്രാക്കുകള്‍ വെച്ച് ശരാശരി 90 കിലോമീറ്റര്‍ വേഗതയേ ലഭിക്കുകയുള്ളൂ എന്നും ഇത് തികച്ചും മണ്ടത്തരമാണെന്ന് ശ്രീധരന്‍ പറഞ്ഞു.
അതേസമയം വന്ദേഭാരത് എക്സ്പ്രസുകള്‍ പരമാവധി വേഗത്തിലോടാന്‍ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. റെയില്‍വേ ട്രാക്ക് ബലപ്പെടുത്തുന്നതും നിവര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതിനുപുറമെ എറണാകുളം-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയും പിന്നീട് 130 ആയി ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.