ലഖ്നൗ: ഗുണ്ടാനേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ ആതിഖ് അഹ്മദിനെയും സഹോദരനെയും വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസ് പിടികൂടിയ പ്രതികള്‍ ലഹരിക്ക് അടിമകള്‍. ഒരു പണിക്കും പോകാത്ത ഇവര്‍ക്ക് കുടുംബവുമായി കാര്യമായ ബന്ധമില്ല. ഇവര്‍ മുന്‍പും വിവിധ കേസുകള്‍ ഉള്‍പ്പെട്ടിരുന്നതായും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. പ്രതികള്‍ എത്തിയതായി കരുതുന്ന രണ്ടു മോട്ടര്‍ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റവാളികളെന്ന നിലയില്‍ കൂടുതല്‍ കുപ്രസിദ്ധി നേടുന്നതിനാണു കൊല നടത്തിയതെന്നാണ് ഇവര്‍ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. പോലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.
പ്രതികളില്‍ ഒരാളായ ലവ്ലേഷ് തിവാരി എന്നയാള്‍ മയക്കുമരുന്നുകള്‍ക്ക് അടിമയും തൊഴില്‍ രഹിതനുമാണെന്ന് അയാളുടെ പിതാവ് യഗ്യ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. സണ്ണി സിങ് എന്ന രണ്ടാമന് 17 കേസുകളില്‍ പ്രതിയാണ്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് വര്‍ഷം മുമ്പ് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. അരുണ്‍ മൗര്യയെന്ന മൂന്നാമനാകട്ടെ മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് 11-ാം വയസില്‍ നാടുവിട്ട് പോയതാണെന്നും പിന്നീട് ഗ്രാമത്തിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
അതിഖിനെ കൊലപ്പെടുത്തിയത് തന്റെ മകന് അടക്കമുള്ളവരാണെന്ന് അറിഞ്ഞത് ടെലിവിഷനില്നിന്നാണെന്ന് ലവ്ലേഷ് അഗര്‍വാളിന്റെ പിതാവ് പറയുന്നു. അയാള്‍ വീട്ടില്‍ വരികയോ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യാറില്ല. വര്‍ഷങ്ങളായി അയാളോട് സംസാരിക്കാറില്ല. നാലഞ്ച് ദിവസം മുമ്പ് വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഒന്നും സംസാരിച്ചില്ല. ലവ്ലേഷ് ഒരു കേസില്‍ പ്രതിയായിരുന്നുവെന്നും അതില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
പോലീസ് പിടികൂടിയ സണ്ണി സിങ് എന്നയാള്‍ ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ ബിഎ കോഴ്സിന് പഠിച്ചിരുന്നുവെങ്കിലും ഒന്നാം വര്‍ഷംതന്നെ പഠനം ഉപേക്ഷിച്ചു. ജോലിചെയ്യാതെ ചുറ്റിത്തിരിഞ്ഞ് നടക്കുന്ന ഇയാള്‍ വീട്ടില്‍ വരാറില്ല. എങ്ങനെയാണ് ഇയാള്‍ ഇത്തരത്തില്‍ ക്രിമിനലായി മാറിയതെന്ന് അറിയില്ലെന്ന് സഹോദരന് പറയുന്നു. പോലീസ് പിടികൂടിയ മൂന്നാമന് അരുണ്‍ മൗര്യയുടെ മാതാപിതാക്കള്‍ കുട്ടിക്കാലത്തുതന്നെ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 15 വര്‍ഷം മുമ്പ് അയാള്‍ വീടുപേക്ഷിച്ച് പോയതാണ്. പിന്നീട് ഗ്രാമത്തിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ജയില്‍ശിക്ഷ അനുഭവിക്കുന്ന ആതിഖ് അഹ്മദിനെയും സഹോദരന് അഷ്റഫ് അഹ്മദിനെയും പൊലീസ് അകമ്പടിയോടെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ്, മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ അക്രമികള്‍ വെടിവച്ചു കൊന്നത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഇരുവര്‍ക്കും നേരെ മൂന്നംഗ അക്രമി സംഘമാണ് വെടിയുതിര്‍ത്തത്.