Movie

ശശിശങ്കർ- ബെന്നി പി നായരമ്പലം-  ദിലീപ്‌ ടീം ഒന്നിച്ച ‘മന്ത്രമോതിരം’ റിലീസ് ചെയ്തിട്ട് ഇന്ന് 26 വർഷം

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

Signature-ad

ശശിശങ്കർ സംവിധാനം ചെയ്‌ത ദിലീപ്‌ നായകനായ ‘മന്ത്രമോതിര’ത്തിന് 26 വർഷം പഴക്കം. 1997 ഏപ്രിൽ15 ന് റിലീസ് ചെയ്ത ചിത്രത്തിൽ ദിലീപ് നാടക കലാകാരനായ ബാർബറായിരുന്നു. ആ കഥാപാത്രം ജാരസന്തതിയാണെന്നതാണ് കഥയിലെ ട്വിസ്റ്റ്. പുതുമുഖനടി സെലിന് ശ്രദ്ധേയ വേഷമുണ്ടായിരുന്നു. സംവിധായകന്റെ കഥയ്ക്ക് ബെന്നി പി നായരമ്പലം തിരക്കഥയെഴുതി. കലാഭവൻ മണി, ഇന്ദ്രൻസ്, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരുടെ കോമഡികളായിരുന്നു ചിത്രത്തിന്റെ പ്ളസ് പോയിന്റ്. ‘ആരു നീ ഭദ്രേ, താപസകന്യേ’  ശാകുന്തളം നാടകത്തിലെ പാട്ടിന് മാമുക്കോയയുടെ കഥാപാത്രം മാപ്പിളപ്പാട്ട് ഈണം കൊടുത്ത് പാടുന്നത് ഉദാഹരണം.

ദിലീപിന്റെ ബാർബർ കുമാരന് നാട്ടിലെ മുതലാളിയായ എൻ എഫ് വർഗീസിന്റെ മകളോട് (സെലിൻ) പ്രേമം. അച്ഛനാരെന്നറിയാത്ത അവിഹിത സന്തതിക്ക് മകളെ കെട്ടിച്ച് കൊടുക്കില്ലെന്ന് എൻ.എഫ് വർഗീസ്. അച്ഛൻ ചില്ലറക്കാരനല്ല. മുഖ്യമന്ത്രിയാണ് (നെടുമുടി). പണ്ട് ഒളിവിൽ കഴിഞ്ഞപ്പോഴുണ്ടായ അബദ്ധം. മുഖ്യനാൽ അംഗീകരിക്കപ്പെട്ട് ഔദ്യോഗിക വസതിയിൽ തോട്ടക്കാരനെന്ന പേരിൽ കഴിയുകയാണ് മകൻ. രാഷ്ട്രീയ ശത്രുക്കൾ ജാരസന്തതി വിഷയം ആയുധമാക്കുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോകലും മോചിപ്പിക്കലുമൊക്കെയാണ് അവസാന നാടകങ്ങൾ. മുഖ്യൻ മകന് വേണ്ടി പെണ്ണ് ചോദിക്കാൻ നാട്ടിൽ വരുന്നതോടെ ശുഭം.

എസ് രമേശൻ നായർ-ജോൺസൺ ടീമാണ് ഗാനങ്ങൾ ഒരുക്കിയത്. മഞ്ഞിൻ മാർഗഴി, ചിറകേ തേടി എന്നീ ഗാനങ്ങളുമുണ്ടായിരുന്നു. സംവിധായകൻ ശശിശങ്കർ-ദിലീപ് കൂട്ടുകെട്ടിൽ സൂപ്പർ ഹിറ്റ് ചിത്രം ‘കുഞ്ഞിക്കൂനനെ’ പിന്നീട് പ്രേക്ഷകർ കണ്ടു. നടി സെലിനെ പിന്നീട് ഒരു ചിത്രത്തിലും കണ്ടിട്ടില്ല. ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം’ ഈ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയാണ്.

Back to top button
error: