ശകുനവും ദുഃശ്ശകുനവും സ്വന്തം വിധിയാണ്, കാണപ്പെടുന്നവന്റെ തിന്മയല്ലെന്ന് തിരിച്ചറിയുക
വെളിച്ചം
എല്ലാവരും അയാളെ ഒരു ദുഃശ്ശകുനമായാണ് കണ്ടത്. അയാളെ കണികണ്ടാല്‍ ആ ദിവസം ദുരന്തമായിരിക്കും അനുഭവം എന്നായിരുന്നു ജനങ്ങളുടെയും വിശ്വാസം. അവര്‍ രാജാവിനോടും പരാതി പറഞ്ഞു. അടുത്ത ദിവസം രാവിലെ രാജാവ് അയാളെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കുറച്ച് നേരം സംസാരിച്ചിരുന്ന ശേഷം അയാളെ പറഞ്ഞുവിടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അന്ന് രാജാവിന് തിരക്കുമൂലം ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയില്ല. അയാളെ വിളിച്ചുവരുത്തിയത് കൊണ്ടാണ് താന്‍ പട്ടിണിയായതെന്ന് രാജാവും വിശ്വസിച്ചു. ദുശ്ശകുനമായ അയാളെ തൂക്കിക്കൊല്ലാന്‍ രാജാവ് വിധിച്ചു. ഇതറിഞ്ഞ മന്ത്രി രാജാവിനോട് ചോദിച്ചു:
“അയാളെ കണ്ട താങ്കള്‍ പട്ടിണി കിടന്നതേയുള്ളൂ. താങ്കളെ കണ്ട അയാള്‍ക്ക് കഴുമരമാണ് ലഭിച്ചത്. ആരാണ് കൂടുതല്‍ അപകടകാരി?”
തെറ്റുമനസ്സിലായ രാജാവ് അയാളെ വെറുതെ വിട്ടു. വിധിയെഴുതും മുമ്പ് വിധികര്‍ത്താക്കളുടെ യോഗ്യതയെക്കുറിച്ചും വിധിന്യായത്തിന്റെ നൈതികതയെക്കുറിച്ചും ആലോചിക്കണം. വിധികളിലൂടെ പുറത്ത് വരേണ്ടത് സത്യമാണ്. ആരുടേയും മുന്‍വിധികളല്ല. വിധിക്കുന്നവന്‍ ഉര്‍ന്നസ്ഥാനം അലങ്കരിക്കുന്നവനും വിധിക്കപ്പെടുന്നവന്‍ താഴ്ന്നവനുമാണെന്ന അനാരോഗ്യചിന്തയാണ് തെറ്റായവിധികള്‍ക്ക് പോലും അംഗീകാരം ലഭിക്കുന്നതിനുളള കാരണം. സ്ഥാനം മാത്രമല്ല വിധികര്‍ത്താക്കള്‍ക്ക് വേണ്ടത്, വസ്തുനിഷ്ഠാപരമായ വിശകലനത്തിന് ഉള്ള യോഗ്യതകൂടി അവര്‍ക്കുണ്ടാകണം. നാം ഇടപെടുന്നവിധികള്‍ അന്യായമാകാതിരിക്കാന്‍ എങ്കിലും നമുക്ക് ശ്രദ്ധിക്കാം. .
ആഹ്ലാദപൂർണമായ വിഷു ആശംസകൾ
സൂര്യനാരായണൻ
ചിത്രം- നിപുകുമാർ