ആലപ്പുഴ: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ. ഷാരോണിന്റെ സഹോദരന്റെ സഹോദരൻ ഷിമോണും നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹർജിയിൽ 28 ന് കോടതി വാദം കേൾക്കും. കസ്റ്റഡിയിൽ വെച്ചും പ്രതി ആത്മഹത്യക്ക് ശ്രമിച്ച കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.