ദില്ലി: രാജസ്ഥാൻ മുഖ്യമന്ത്രി അശോഖ് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കമൽനാഥിനെ നിയോഗിച്ച് കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ സച്ചിൻ പൈലറ്റുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തി. പഞ്ചാബിലേത് പോലെയുള്ള സംഭവങ്ങൾക്ക് വഴിവെക്കാതിരിക്കാൻ കരുതലോടെയാണ് വിഷയത്തിൽ നേതൃത്വത്തിൻറെ നീക്കം.
നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് രാജസ്ഥാൻറെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവ വ്യക്തമാക്കിയത്. ഇതിനിടയിലാണ് പ്രശ്നപരിഹാരത്തിനായി മുതിർന്ന നേതാവ് കമൽനാഥിനെ ഹൈക്കമാൻറ് നിയോഗിച്ചത്. ഇന്നലെ സച്ചിൻ പൈലറ്റുമായും കോൺഗ്രസ സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായും കമൽനാഥ് കൂടിക്കാഴ്ച നടത്തി. പഞ്ചാബിൽ നിയമസഭ തെരഞ്ഞടുപ്പിന് മുൻപ് സിദ്ധുവും അമരീന്ദർ സിങും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ പോലെ വഷളാകാതിരിക്കാൻ രാജസ്ഥാനിൽ കരുതലോടെയാണ് നേതൃത്വം നീക്കം നടത്തുന്നത്. മൂന്ന് ദിവസമായി ദില്ലയിൽ തുടരുന്ന പൈലറ്റിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കണ്ടിട്ടില്ല. എന്നാൽ, രൺധാവ സച്ചിൻ പൈലറ്റുമായി ചർച്ച നടത്തിയ ശേഷം രാഹുൽ ഗാന്ധിയേയും ഖർഗേയും കണ്ടു.
കർണാടക തെരഞ്ഞെടുപ്പിനിടെ വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ മാറാതിരിക്കാനും നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ വർഷം അവസാനം രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തനിക്കും ഒപ്പമുള്ളവർക്കും മതിയായ പരിഗണന ലഭിക്കാതെ പൈലറ്റ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ലെന്നാണ് സൂചന. 2020ലെ വിമത നീക്കത്തിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും ഒപ്പമുള്ളവർക്ക് മന്ത്രിസ്ഥാനങ്ങളും നഷ്ടമായത്.